അബുദാബി: നാടുകടത്തപ്പെട്ട വ്യക്തികളുടെ വിവരങ്ങളും വിരലടയാളങ്ങളും പരസ്പരം കൈമാറാന്‍ യുഎഇയും കുവൈത്തും തമ്മില്‍ ധാരണയായി. ഇതിനുള്ള ഇലക്ട്രോണിക് സംവിധാനം കുവൈത്തും യുഎഇയും ഔദ്യോഗികമായി ആരംഭിച്ചു. സംയുക്ത സുരക്ഷാ പദ്ധതി കരാറിന്റെ ഭാഗമായാണ് സംരംഭം. ഇതനുസരിച്ച് കുവൈത്തില്‍നിന്ന് നാടുകടത്തപ്പെട്ടവര്‍ക്ക് യുഎഇയിലേക്കോ തിരിച്ചോ പ്രവേശിക്കാനാവില്ല. രണ്ടു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജന്‍സികള്‍ തമ്മിലുള്ള സുരക്ഷാ ഏകോപനം ശക്തമാക്കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
പ്രധാന കുറ്റകൃത്യങ്ങളോ താമസ നിയമ ലംഘനങ്ങളോ നടത്തിയ ശേഷം നാടുകടത്തപ്പെട്ട വ്യക്തികള്‍ മറ്റു രാജ്യങ്ങളിലെ അതിര്‍ത്തിയിലൂടെ വീണ്ടും പ്രവേശിക്കുന്നതും തടയാം. പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനും കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാനും ഇതുവഴി സാധിക്കും. ട്രാഫിക് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുക വഴി ട്രാഫിക് പിഴകള്‍ അടയ്ക്കാതെ മറ്റു രാജ്യങ്ങളിലേക്കു മുങ്ങുന്നവരെയും പിടികൂടാനാകും.
നാടുകടത്തുന്ന രാജ്യം കുറ്റവാളികളുടെ വിരലടയാളങ്ങളും മറ്റു പ്രധാന വിവരങ്ങളും അംഗരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനാല്‍ വ്യാജ യാത്രാ രേഖകള്‍ ഉപയോഗിച്ച് മറ്റു ജിസിസി രാജ്യങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയാണ് ലക്ഷ്യം. നിലവില്‍ ലഹരികേസുകളില്‍ നാടുകടത്തപ്പെട്ടവര്‍ക്ക് ജിസിസി രാജ്യങ്ങളില്‍ വിലക്ക് ബാധകമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
