‘വിമാന ടിക്കറ്റിന് വമ്പന്‍ ഓഫര്‍’; പ്രമോഷന്‍ തട്ടിപ്പില്‍ വീണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍, മുന്നറിയിപ്പുമായി അധികൃതര്‍

1q 5

കുവൈത്ത് സിറ്റി:കുവൈത്തില്‍ വ്യാജ എയര്‍ലൈന്‍ ടിക്കറ്റ് പ്രമോഷന്‍ തട്ടിപ്പുകള്‍ക്ക് വ്യാപകമാകുന്നു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിന് ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. പണം നല്‍കുന്നതിന് മുന്‍പ് ഏജന്‍സികളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

അവധിക്കാലമായതിനാല്‍ ഓഫര്‍ നിരക്കില്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നോക്കുന്നവരാണ് കബളിക്കപ്പെടുന്നവരില്‍ മിക്കവരും. സോഷ്യല്‍മീഡിയകളിലൂടെയാണ് കൂടൂതലും തട്ടിപ്പ് നടക്കുന്നത്. അതിനായി വ്യാജ ബിസിനസ് വിലാസവും റിസര്‍വേഷന്‍ സിസ്റ്റവും ഉണ്ടാക്കിയാണ് വ്യാജ വെബ്‌സൈറ്റുകളിലൂടെ ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്യുന്നത്.

വ്യാജ ടിക്കറ്റ് പ്രമോഷന്‍ ഓഫറിലൂടെ ടിക്കറ്റെടുത്ത് എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തുമ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം മിക്കവരും അറിയുന്നത്. തട്ടിപ്പിലൂടെ പണ നഷ്ടം മാത്രമല്ല യാത്ര തടസ്സപ്പെടുകയും ചെയ്യും. ഇത്തരം തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, കുവൈത്ത് നാഷനല്‍ ബാങ്ക്, എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ കണ്ട് ടിക്കറ്റ് എടുക്കുന്നതിന് മുന്‍പ് ഏജന്‍സികളുടെ ആധികാരികത പരിശോധിക്കണം. ഉയര്‍ന്ന ഡിസ്‌ക്കൗണ്ടുകള്‍ കാണിച്ചുള്ള പരസ്യങ്ങളുടെ പിറകെ പോകുന്നതും ഒഴിവാക്കണം. എയര്‍ലൈനുകളുടെയും അംഗീകൃത ഏജന്‍സുകളുടെയും ഔദ്യോഗിക ചാനലുകള്‍ വഴി മാത്രമേ ടിക്കറ്റുകള്‍ എടുക്കാവൂ.

വിശ്വസിക്കാന്‍ പറ്റാത്ത തരത്തിലുള്ള കുറഞ്ഞ നിരക്ക് ഓഫറുകളില്‍ ജാഗ്രത പാലിക്കണം. വ്യക്തതയില്ലാത്ത കോണ്‍ടാക്ട് വിവരങ്ങള്‍, അവസാന നിമിഷത്തെ ഓഫറുകള്‍, അജ്ഞാതമായ പേയ്‌മെന്റ് രീതികള്‍ എന്നിവ ശ്രദ്ധിച്ചാല്‍ തട്ടിപ്പില്‍ വീഴാതിരിക്കാം. ടിക്കറ്റിലെ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് എയര്‍ലൈനുമായി ബുക്കിങ് സ്ഥിരീകരിക്കുകയും വേണം. ബാങ്ക് ട്രാന്‍സ്ഫര്‍, ക്രിപ്‌റ്റോ, വാട് സാപ്പ് പേ, തേര്‍ഡ് പാര്‍ട്ടി പേയ്‌മെന്റ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പണം നല്‍കരുത്. സുരക്ഷിതവും വിശ്വസനീയവുമായ പേയ്‌മെന്റ് സംവിധാനങ്ങളാണോയെന്ന് ഉറപ്പാക്കണം.

അംഗീകൃത ഏജന്‍സികള്‍ കൃത്യമായ മേല്‍വിലാസം, ഹോട്ട് ലൈന്‍ നമ്പറുകള്‍, ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള വ്യക്തമായ നയങ്ങള്‍ എന്നിവയെല്ലാം നല്‍കും. തട്ടിപ്പുകാര്‍ കോണ്‍ടാക്ട് വിവരങ്ങള്‍ക്ക് പകരം സമൂഹമാധ്യമ അക്കൗണ്ടുകള്‍ മാത്രമായിരിക്കും നല്‍കുക. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading