ദോഹ: ഖത്തറില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും (MoPH) വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ടിന്റെയും (WSIF) സഹകരണത്തോടെ, ചൂടിന്റെ അപകടസാധ്യതകള്‍ ഫലപ്രദമായന പ്രതിരോധിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം (MoL) രാജ്യവ്യാപകമായി ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തുന്നു.
കാമ്പയിന്റെ ഭാഗമായി വിവിധ കമ്പനികളിലെയും മേഖലകളിലെയും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കും. തലകറക്കം, തലവേദന, അമിതമായ വിയര്‍പ്പ് (അല്ലെങ്കില്‍ അതിന്റെ അഭാവം), ക്ഷീണം, ബോധം നഷ്ടപ്പെടല്‍ തുടങ്ങിയ ചൂടിന്റെ ലക്ഷണങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയും അവയില്‍ നിന്ന് എങ്ങനെ പ്രതികരിക്കണമെന്ന് തൊഴിലാളികള്‍ക്ക് പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുകയാണ് കാമ്പെയ്നിന്റെ ലക്ഷ്യം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും, തണലുള്ള സ്ഥലങ്ങളില്‍ ഇടവേളകള്‍ എടുക്കാനും, ചൂടില്‍ കട്ടികുറഞ്ഞ/നേരിയ വസ്ത്രം ധരിക്കാനും, പുറത്ത് ജോലി ചെയ്യുമ്പോള്‍ ചൂടില്‍ സംരക്ഷണം നല്‍കുന്ന ശിരോവസ്ത്രം ധരിക്കാനും തൊഴിലാളികളോട് നിര്‍ദേശിച്ചു.
ക്ഷീണം അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍, ഉടന്‍ ജോലി നിര്‍ത്തണം, തണലുള്ള സ്ഥലങ്ങളില്‍ വിശ്രമിക്കണം, വെള്ളം കുടിക്കണം, ആവശ്യമെങ്കില്‍ വൈദ്യസഹായം തേടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
നിലവില്‍ ഖത്തറില്‍ വേനല്‍ക്കാല ജോലി നിരോധനം പ്രാബല്യത്തിലുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഇത് തൊഴിലാളിക്ക് നിഷേധിച്ചാല്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
