ദോഹ: ഖത്തറില്‍ നികുതി വെട്ടിപ്പ് നടത്തിയ കമ്പനികള്‍ക്കെതിരെ നടപടിയുമായി ജനറല്‍ ടാക്‌സ് അതോറിറ്റി. കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയ 13 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ടാക്‌സ് അതോറിറ്റി അറിയിച്ചു.
36 ദശലക്ഷം ഖത്തര്‍ റിയാലിന്റെ നികുതി വെട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഏകദേശം 80കോടിയിലധികം ഇന്ത്യന്‍ രൂപയുടെ നികുതി വെട്ടിപ്പാണ് കമ്പനികള്‍ക്കെതിരെ കണ്ടെത്തിയത്.
ടാക്‌സ് അതോറിറ്റിയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായി നടത്തിയ വിശദമായ അന്വേഷണത്തിലാണ് കമ്പനികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കമ്പനികള്‍ മനഃപൂര്‍വ്വം അവരുടെ യഥാര്‍ത്ഥ വരുമാനം മറച്ചുവെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനികള്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ക്ക് സാധ്യതയുണ്ട്.
അതേസമയം ഏതൊക്കെ കമ്പനികളാണ് നികുതി വെട്ടിപ്പ് നടത്തിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഖത്തറില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയതെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.
സമയപരിധിക്കുള്ളില്‍ കൃത്യമായി നികുതി അടയ്ക്കണമെന്നും ജനറല്‍ ടാക്‌സ് അതോറിറ്റി എല്ലാ നികുതിദായകരോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
