റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിലെത്തും. ഉച്ചയ്ക്ക് 12.40ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി നേരെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലേക്ക് പോകും. രണ്ട് മണിമുതല്‍ 2.30 വരെ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സാമൂഹിക പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യും. 3.30 മുതല്‍ 6.30 വരെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ജിദ്ദയിലെ അല്‍സലാം പാലസില്‍ കൂടിക്കാഴ്ച്ച നടത്തും.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി സൗദ്യയിലെത്തുന്നത്. സൗദി കിരീടാവകാശി സല്‍മാന്റെ ക്ഷണമനുസരിച്ചാണ് ദ്വിദിന സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ മൂന്നാമത്തെ സൗദി സന്ദര്‍ശനമാണിത്. നേരത്തെ 2016ലും 2019ലും മോദി സൗദി സന്ദര്‍ശിച്ചിരുന്നു. ആറു വര്‍ഷത്തിനുശേഷമാണ് ഇന്നത്തെ സന്ദര്‍ശനം. സൗദി കിരീടാവകാശിയുമായി നടത്തുന്ന കൂടിക്കാഴ്ച തന്നെയാണ് പര്യടനത്തിലെ പ്രധാന പരിപാടി. സൗദി കിരീടാവകാശി പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നും നല്‍കും. ഊര്‍ജ്ജ, പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച നടക്കും. സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നല്‍കണമെന്ന അഭ്യര്‍ത്ഥനയും ഇന്ത്യ മുന്നോട്ട് വയ്ക്കും.
ഇന്ത്യ-സൗദി തന്ത്രപ്രധാന സഹകരണ കൗണ്‍സില്‍ യോഗവും നടക്കും. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാം യോഗത്തില്‍ ഇരു രാഷ്ട്രനേതാക്കളും സംബന്ധിക്കും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പങ്കെടുക്കും. ജിദ്ദയിലെ ഫാക്ടറി തൊഴിലാളികളായ ഇന്ത്യാക്കാരെയും കണ്ടേക്കും.
നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ ഉന്നതതല സംഘവും കൂടെയുണ്ടാകും. ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സൗദിയുമായി ഇന്ത്യ സുപ്രധാന കരാറുകള്‍ ഒപ്പിടുമെന്നാണ് സൂചന.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
