റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ തകര്‍ന്ന വാഹനത്തില്‍ മരണത്തെ മുഖാമുഖം കണ്ടെങ്കിലും അത്ഭുതകരമായി രക്ഷപെട്ട് മലയാളി കുടുംബം. ഉംറ നിര്‍വഹിച്ചു മടങ്ങും വഴിയാണ് മലപ്പുറം, മഞ്ചേരി, പയ്യനാട് സ്വദേശിയും 6 അംഗ കുടുംബം അല്‍ ഉലയ്ക്ക സമീപം അപകടത്തില്‍പ്പെട്ടത്. കാല്‍നൂറ്റാണ്ടിലേറെ സൗദിയിലെ അറാറില്‍ മുന്‍ പ്രവാസിയായ ഉമ്മര്‍ മഞ്ചേരി(55), ഭാര്യ റംലത്ത് (42), മക്കളായ മുഹമ്മദ് ഷിബിലി(25), ഷഹല ഷറിന്‍ റമീസ്(23), മുഹമ്മദ് ഷബില്‍(14), മരുമകളായ ഫാത്തിമ ഫിദ(19) എന്നിവരടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയാണ് കുടുംബം. മാര്‍ച്ച് 15ന് കുടുംബം ഉംറ വീസയില്‍ മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ചതിനു ശേഷം മദീന സന്ദര്‍ശിച്ചു. പിന്നീട് അല്‍ ഉല സന്ദര്‍ശിച്ചതിനു ശേഷം അറാര്‍ പോകും വഴി മദീനയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുവെച്ചാണ് അപകടത്തില്‍പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നില്‍ സ്വദേശി ഓടിച്ചിരുന്ന വാഹനം അമിത വേഗത്തിലെത്തി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് വട്ടം കറങ്ങിയ വാഹനം മരുഭുമിയില്‍ തലകുത്തി മറിഞ്ഞു പൂര്‍ണ്ണമായും തകര്‍ന്നു. ഉമ്മറിന്റെ ഭാര്യയുടെ തോളെല്ലിനും രണ്ടു കാല്‍മുട്ടുകള്‍ക്കും ഗുരുതര പരുക്കു പറ്റി. കാര്യമായി ക്ഷതം സംഭവിച്ച ഉമറും രണ്ട് ആണ്‍മക്കളും മകളും മരുമകളും സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.
ഉമ്മറിനേയും മൂത്ത മകന്‍ ഷിബില്‍, ഭാര്യ ഫാത്തിമ ഫിദ, മകള്‍ ഷഹല എന്നിവരെ മദീന കിങ് ഫഹദ് ആശുപത്രിയിലും റംലത്തിനെയും ഇളയ മകന്‍ ഷബിലിനെയും യാമ്പു ജനറല്‍ ആശുപത്രിയിലും റെഡ്ക്രസന്റ് വിഭാഗം എത്തിച്ചു. അപകടമറിഞ്ഞു പാഞ്ഞെത്തിയ സൗദി റെഡ്‌ക്രെസന്റ് വിഭാഗം അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് എയര്‍ ആംബുലന്‍സ് എത്തിച്ചാണ് സംഭവസ്ഥലത്തു നിന്നും ഇവരെ രക്ഷപ്പെടുത്തി അതിവേഗം ആശുപത്രികളില്‍ എത്തിച്ചത്.
അപകടമുണ്ടായപ്പോള്‍ മുതല്‍ 22 ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിനിടെ ആവശ്യമായ താങ്ങും തണലുമായി മദീനയിലെ ആശുപത്രിയില്‍ മദീന കെഎംസിസി വെല്‍ഫെയര്‍ വിങ് ഭാരവാഹി ഷഫീഖ് മൂവാറ്റുപുഴ, അബ്ദുള്‍ മജീദ് അരിമ്പ്രയും സജീവമായി ഒപ്പമുണ്ടായിരുന്നു.യാമ്പുവില്‍ ചികിത്സയിലായിരുന്ന ഉമ്മറിന്റെ ഭാര്യയ്ക്കും ഇളയ മകനും ആശുപത്രിയില്‍ എത്തിച്ചതു മുതല്‍ ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്ക് മടങ്ങുന്നതു വരെയും സഹായ സൌകര്യങ്ങളുമായി കെഎംസിസി നേതാക്കളായ നാസര്‍, സിറാജ്, അയൂബ്, അബ്ദുറസാഖ് തുടങ്ങിയവരുണ്ടായിരുന്നു.
മദീനയിലും യാമ്പുവിലുമായി നിയമനടപടികളില്‍ സഹായവുമായി ജീവകാരുണ്യ പ്രവര്‍ത്തകനായ മുഹമ്മദ് ഷഫീഖ് മൂവാറ്റുപുഴ ഒപ്പമുണ്ടായിരുന്നു. ഒടിവ് ചതവുകള്‍ക്ക് വേണ്ടിവന്ന നാലോളം ശസ്ത്രക്രിയകള്‍ക്കു ശേഷം ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ യാമ്പുവില്‍ ചികിത്സയിലായിരുന്ന റംലത്തും ഇളയമകനും നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് മദീനയില്‍ ചികിത്സയിലുണ്ടായിരുന്ന മകനും ഭാര്യയും നാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ 12ന് ഉമ്മറും മകളും നാട്ടിലേക്ക് മടങ്ങി. നട്ടെല്ലിന് പരുക്കേറ്റ മകള്‍ക്ക് മദീന ആശുപത്രിയില്‍ ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അപകടത്തിന്റെ ഭാഗമായുണ്ടായ പരുക്കുകളുടേയും ശസ്ത്രക്രിയയുടേയും മറ്റും തുടര്‍ ചികിത്സ തുടരുകയാണ് നാട്ടില്‍ ഉമ്മറും കുടുംബവും. മാര്‍ച്ച് 22ന് നടന്ന അപകടത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കുടുബം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് വിവരങ്ങള്‍ അറിയിച്ചത്.
തങ്ങള്‍ സഞ്ചരിച്ച അല്‍ ഉല റോഡ് ഏറെ അപകടം പിടിച്ചതാണെന്ന് പിന്നീടാണ് അറിയുന്നതെന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ലഭിച്ച ഉമര്‍ പറഞ്ഞു. അതുവഴി യാത്ര ചെയ്ത മലയാളി പ്രവാസി യുവതിയും പ്രതിശ്രുത വരനും ഉള്‍പ്പെടെ 5 പേര്‍ വാഹന അപകടത്തില്‍ തീപിടിച്ചു മരിച്ച വിവരം അറിഞ്ഞപ്പോഴാണ് തങ്ങള്‍ക്കും അപകടം ഉണ്ടായ പ്രദേശത്താണ് സംഭവം നടന്നതതെന്നു മനസിലാക്കുന്നതെന്നും ഉമ്മര്‍ പറഞ്ഞു.
സൗദി റെഡ്ക്രസന്റിന്റെ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനവും ദൈവകാരുണ്യവും കൊണ്ടാണ് തങ്ങളുടെ എല്ലാവരുടേയും ജീവന്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. അപകടത്തില്‍പെട്ട് പൂര്‍ണ്ണമായും തകര്‍ന്ന തങ്ങളുടെ വാഹനം കണ്ടാല്‍ ഒരു പക്ഷേ ആരും രക്ഷപ്പെടുമെന്ന് കരുതില്ല. ഏറെ ജാഗ്രതയോടെ വാഹനം ഓടിച്ചിരുന്നിട്ടും അപകടത്തിനു കാരണമായത് പിറകില്‍ നിന്നു വന്ന് ഇടിച്ചവരായിരുന്നുവെന്ന് ട്രാഫിക് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഇരുവശത്തു നിന്നും വാഹനങ്ങള്‍ കടന്നുപോകുന്ന ഡിവൈഡറുകളില്ലാത്ത ഇത്തരം ദീര്‍ഘദൂര സിംഗിള്‍ ലൈന്‍ അതിവേഗ റോഡുകളിലൂടെയൊക്കെ പോകുമ്പോള്‍ ഏറെ ജാഗ്രത വേണമെന്നാണ് ഇത്തരം അപകടത്തില്‍പ്പെട്ട് എത്തിയ നിരവധി പേരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ചികിത്സാ സൌകര്യമൊരുക്കുന്നിതിനുമൊക്കെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും മദീന കെഎംസിസി വെല്‍ഫെയര്‍ വിങ് ഭാരവാഹിയുമായ ഷെഫീഖ് മൂവാറ്റുപുഴ പറയുന്നത്.
റോഡ് നിയമങ്ങള്‍ പാലിച്ച് പോകുമ്പോഴും ഒരുപക്ഷേ എതിര്‍വശത്തു നിന്നും പിറകില്‍ നിന്നും വരുന്ന വാഹനമോടിക്കുന്നവരുടെയും അമിതവേഗവും അശ്രദ്ധയുമാണ് ഇത്തരം അപകടങ്ങളിലൂടെ മിക്ക ജീവനുകളും പൊലിയുന്നതിന് കാരണമാകുന്നത്. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലാണ് മദീനയില്‍ ജോലി ചെയ്തിരുന്ന വയനാട് സ്വദേശിയായ മലയാളി നഴ്‌സ് ടീനയും പ്രതിശ്രുത വരനായ അഖില്‍ അലക്‌സും കൂടാതെ 3 സൗദി സ്വദേശികളും സമാന രീതിയില്‍ നടന്ന അപകടത്തില്‍ വാഹനത്തിന് തീപിടിച്ച് വെന്ത് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ സ്വദേശികള്‍ ഓടിച്ചിരുന്ന എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം പാഞ്ഞു കയറുകയായിരുന്നു.
കടപ്പാട്: മനോരമ
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
