ഖത്തറില്‍ പ്രവാസി തൊഴിലാളികളുടെ ശമ്പളം മുടങ്ങിയാല്‍; ഡബ്ല്യൂപിഎസ് വിവരങ്ങള്‍ വിശദമായി

labour qatar 2

ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴിലുടമ കൃത്യമായി ശമ്പളം നല്‍കാതിരിക്കുകയോ അല്ലെങ്കില്‍ വൈകിപ്പിക്കുകയോ ചെയ്താല്‍ അക്കാര്യം അധികൃതരെ അറിയിക്കാം. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാകും. പരാതി നല്‍കാന്‍ കൃത്യമായ സംവിധാനവും തര്‍ക്ക പരിഹാര സമിതിയും ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുണ്ട്.

വേതന സംരക്ഷണ സംവിധാനത്തിന് (ഡബ്ല്യൂപിഎസ്) കീഴിലാണ് ഖത്തറില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നത്. വേതന ചൂഷണത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് 2015 ലാണ് ഖത്തര്‍ സര്‍ക്കാര്‍ ഡബ്ല്യൂപിഎസ് നടപ്പാക്കിയത്. ശമ്പളം ഒപ്പിട്ട് കയ്യില്‍ വാങ്ങുന്ന സംസ്‌ക്കാരം നിര്‍ത്തലാക്കിയാണ് ഡബ്ല്യൂപിഎസ് പ്രാബല്യത്തില്‍ വന്നത്. ഡബ്ല്യൂപിഎസ് ചട്ട ലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. കമ്പനികള്‍ ഡബ്ല്യൂപിഎസിലെ ചട്ടങ്ങള്‍ ലംഘിച്ചാല്‍ നല്ലൊരു തുക പിഴയായി ഈടാക്കുമെന്നതിന് പുറമെ കമ്പനികളെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തും. നിശ്ചിത തീയതിയില്‍ ശമ്പളം ലഭിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നേരിട്ട് പരാതി നല്‍കാം.

എങ്ങനെയാണ് പരാതി നല്‍കുക:

2004 ലെ 14ാം നമ്പര്‍ തൊഴില്‍ നിയമത്തിന് കീഴില്‍ വരുന്ന എല്ലാ കമ്പനികളും നിശ്ചിത ശമ്പള തീയതിയുടെ 7 ദിവസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് മുഖേന തൊഴില്‍ കരാറില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ ശമ്പളവും നല്‍കണമെന്നാണ് വ്യവസ്ഥ. ശമ്പളം ലഭിക്കാതിരിക്കല്‍, ശമ്പളം വൈകല്‍ എന്നിവയും തൊഴില്‍ സംബന്ധമായ മറ്റ് പരാതികളും തൊഴില്‍ മന്ത്രാലയത്തിന്റെ ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേന വേണം നല്‍കാന്‍. രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ ആയി പരാതികള്‍ നല്‍കുകയും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിയും.

പരാതികള്‍ നല്‍കുന്നത് സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 16505, 44068979 എന്നീ നമ്പറുകളിലോ അല്ലെങ്കില്‍ info@moi.gov.qa എന്ന ഇമെയില്‍ വിലാസത്തിലോ തൊഴില്‍ മന്ത്രാലയത്തെ ബന്ധപ്പെടാം.

പരാതി സമര്‍പ്പിക്കേണ്ടത് ഇങ്ങനെ:

ലിങ്കില്‍ പ്രവേശിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പേരും ഖത്തര്‍ ഐഡിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി പരാതി സമര്‍പ്പിക്കാം. പരാതി സമര്‍പ്പിച്ചാലുടന്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് മെസേജ് വരും. പരാതി സംബന്ധിച്ച് മന്ത്രാലയത്തിലെ ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള തീയതി സംബന്ധിച്ച വിവരങ്ങള്‍ അതിലുണ്ടാകും. പരാതിയുടെ സ്വഭാവം അനുസരിച്ച് അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

പരാതി ലഭിച്ചാലുടന്‍ ഓണ്‍ലൈനായി തന്നെ കമ്പനിക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പ് ലഭിച്ചിട്ടും ശമ്പളം നല്‍കിയില്ലെങ്കില്‍ കമ്പനിയുടെ എല്ലാ ബാങ്ക് ഇടപാടുകളും അധികൃതര്‍ മരവിപ്പിക്കും. എന്തുകൊണ്ടാണ് ശമ്പളം യഥാസമയം നല്‍കാന്‍ കഴിയാതെ വന്നത് എന്നത് സംബന്ധിച്ച് കമ്പനി പ്രതിനിധി തൊഴില്‍ മന്ത്രാലയത്തിലെത്തി അധികൃതരെ വ്യക്തമായി ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ബാങ്ക് ഇടപാടുകളിലെ ബ്ലോക്ക് മാറ്റുകയുള്ളു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading