അബുദാബി: വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് കുടിശിക തീര്‍ക്കണമെന്ന് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കും. വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താനും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
തടസ്സമില്ലാത്ത വിദ്യാഭ്യാസ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കുടിശ്ശിക തീര്‍ക്കുന്നത് അനിവാര്യമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അടച്ച ഫീസിന്റെ രസീതുകള്‍ സൂക്ഷിച്ചുവയ്ക്കണമെന്നും അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. സമയപരിധിക്കകം ഫീസ് അടയ്ക്കുന്നതില്‍ പരാജയപ്പെടുന്നത് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന് കാലതാമസമുണ്ടാക്കുമെന്നും സൂചിപ്പിച്ചു. ഇതേസമയം സ്‌കൂള്‍ ഫീസ് 3 മാസത്തെ (ഒരു ടേം) ഫീസ് ഒന്നിച്ച് അടയ്ക്കാന്‍ ആവശ്യപ്പെടുന്നത് കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ പ്രയാസത്തിലാക്കുന്നതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ട്യൂഷന്‍ ഫീസിനെ പുറമെ വാര്‍ഷിക, റീ രജിസ്‌ട്രേഷന്‍ ഫീസുകള്‍ തുടങ്ങിയവ ചേര്‍ത്ത് അടയ്ക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെന്നും മാസത്തില്‍ ഫീസ് അടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത് ആശ്വാസമാകുമെന്നും ചില രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
