റിയാദ്: പ്രമുഖ കമ്പനികളിലേക്ക് ജോലി എന്ന പത്ര, സമൂഹ മാധ്യമ പരസ്യങ്ങളില്‍ കുടുങ്ങി സൗദിയിലെത്തിയ 50ഓളം മലയാളികള്‍ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തില്‍. കോഴിക്കോടും കൊച്ചിയിലുമുള്ള ഏജന്‍സികളിലൂടെ റിയാദിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് ഡ്രൈവര്‍ കം സെയില്‍സ്മാന്‍ എന്ന തസ്തികയിലേക്കാണ് ഇവരെ ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസങ്ങളില്‍ വിസാ നടപടി തുടങ്ങാനും മെഡിക്കല്‍ ചെക്കപ്പിനും മറ്റുമായി 20,000 രൂപ ഓരോരുത്തരില്‍ നിന്നും ഏജന്‍സി ഈടാക്കിയിരുന്നു. വിസ സ്റ്റാമ്പിങ് കഴിഞ്ഞ് പാസ്‌പോര്‍ട്ട് കിട്ടി. താമസിയാതെ പുറപ്പെടണമെന്ന് ഏജന്‍സി അറിയിക്കുകയും ചെയ്തു.
ടിക്കറ്റ് വാങ്ങാന്‍ ഏജന്‍സി ആവശ്യപ്പെട്ട ബാക്കി തുകയുമായി ചെന്നപ്പോഴാണ് തൊഴില്‍ കരാര്‍ കാണുന്നത്. എന്നാല്‍ ഇന്റര്‍വ്യൂ സമയത്ത് പറഞ്ഞ കമ്പനിയുടെ തൊഴില്‍ കരാര്‍ ആയിരുന്നില്ല ഒപ്പിടാന്‍ സമയത്ത് കിട്ടിയത്. എന്ത് കൊണ്ടാണ് മറ്റൊരു കമ്പനിയുടെ കരാറെന്ന് ചോദ്യം ചെയ്തപ്പോള്‍ ഇതും നല്ല കമ്പനിയാണെന്ന് പറഞ്ഞ് ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു.
സ്വന്തം കാരണത്താല്‍ ജോലിയുപേക്ഷിച്ച് മടങ്ങുകയാണെങ്കില്‍ കമ്പനി ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കുമെന്ന് സമ്മതിക്കുന്ന വീഡിയോ ഏജന്‍സി തന്ത്രപൂര്‍വം റെക്കോര്‍ഡ് ചെയ്ത് കൈവശം വെക്കുകയും ചെയ്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. തൊഴിലാളികളെ കൊണ്ടുവന്ന് മറ്റു കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന റിയാദിലെ ഒരു മാന്‍പവര്‍ കമ്പനിയുടെ കരാറിലാണ് ഏജന്‍സി നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചത്. റിയാദില്‍ വന്നിറങ്ങിയ തൊഴിലാളികളെ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ആദ്യം ആരും വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നശേഷം കമ്പനിയില്‍ നിന്ന് വാഹനമെത്തി. കമ്പനിയുടെ ഓഫീസിലെത്തിയെങ്കിലും ഒരു ദിവസം മുഴുവനായും താമസ സൗകര്യം ലഭിച്ചില്ല. രണ്ടാം ദിവസമാണ് കമ്പനിയുടെ താമസസ്ഥലത്തെത്തിച്ചത്. അവിടെയെത്തിയപ്പോള്‍ മുമ്പ് വന്ന പലയാളുകളും ജോലിയില്ലാതെ കഴിയുന്നതായി മനസിലാക്കി. ശമ്പളമില്ലാതെ ഭക്ഷണത്തിന് പോലും പണമില്ലാതെ ദുരിതത്തിലായ കുറെയാളുകളാണുള്ളത്.
രണ്ട് മാസത്തിനിടെ നാല് തവണ ഇവരുടെ താമസസ്ഥലങ്ങള്‍ മാറ്റി. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യമില്ലാത്ത സ്ഥലത്താണ് ഇപ്പോഴുള്ളത്. ജോലിയില്ലാത്തത് മാനസികമായി വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. രണ്ട് മാസമായി ശമ്പളമില്ലാത്തത് കാരണം കൈയ്യില്‍ ഒരു റിയാല്‍ പോലുമില്ല. നാട്ടില്‍ കുടുംബവുമായി ബന്ധപ്പെടാനാവുന്നുമില്ലെന്നും തൊഴിലാളികള്‍ പറയുന്നു. നിലവില്‍ റിയാദിലെ സാമൂഹിക പ്രവര്‍ത്തകര്‍ വഴി ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് തൊഴിലാളികള്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
