യാത്രയ്ക്കായി എയര്‍പോര്‍ട്ടിലെത്തി, പോക്കറ്റില്‍ പാസ്‌പോര്‍ട്ട് ഇല്ല; പ്രവാസി വിമാനത്താവളത്തില്‍ കുടുങ്ങിയത് 2 ദിവസം

2w

റിയാദ്: യാത്രക്കിടയില്‍ പാസ്‌പോര്‍ട്ട് കാണാതായതിനെ തുടര്‍ന്ന് രണ്ടുദിവസം ഇന്ത്യക്കാരന്‍ റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. റിയാദില്‍ ബിസിനസുകാരനായ ജയ്പൂര്‍ സ്വദേശി ഫഹീം അക്തറിന്റെ പാസ്‌പോര്‍ട്ടാണ് കാണാതായത്. അസര്‍ബൈജാന്‍ യാത്ര കഴിഞ്ഞ് റിയാദ് എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി അറിയുന്നത്.

ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി പോക്കറ്റില്‍ പാസ്‌പോര്‍ട്ട് നോക്കിയപ്പോഴാണ് അത് ഇല്ലതെന്ന് ഫഹീം അറിയുന്നത്. അസര്‍ബൈജാനിലെ ബാക്കു വിമാനത്താവളത്തില്‍ നിന്ന് നടപടികളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറുമ്പോള്‍ ജാക്കറ്റില്‍ പാസ്‌പോര്‍ട്ട് ഭദ്രമായി വെച്ചതാണ്. പിന്നീട് എവിടെ വെച്ചാണ് പാസ്‌പോര്‍ട്ട് നഷ്ടമായതെന്ന് അറിയില്ല. വിമാനത്തിലും പോയ വഴികളിലുമെല്ലാം അന്വേഷിച്ചെങ്കിലും പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ല. പാസ്പോര്‍ട്ടില്ലാതെ ഫഹീമിനെ ഇവിടെ ഇറക്കാനോ അസര്‍ബൈജാനിലെക്കോ ഇന്ത്യയിലേക്കോ തിരിച്ചയക്കാനോ കഴിയാതെ റിയാദ് പാസ്‌പോര്‍ട്ട് വിഭാഗവും പ്രതിസന്ധിയിലായി.

പ്രതിസന്ധി മറികടക്കാന്‍ എയര്‍പോര്‍ട്ടിലെ പാസ്‌പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥന്‍ സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടു. വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും എമര്‍ജന്‍സി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള രേഖകള്‍ തയ്യാറാക്കുകയും ചെയ്തു. എംബസിയുടെ നിര്‍ദേശപ്രകാരം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. ഇതിനിടയില്‍ ഫഹീമിന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളെല്ലാം ശിഹാബ് തയ്യാറാക്കിയിരുന്നു. പറ്റാവുന്നത്ര വേഗത്തില്‍ എംബസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസ്‌പ്പോര്‍ട്ട് ഇഷ്യൂ ചെയ്തു.

വിസ പാസ്‌പോര്‍ട്ടില്‍ എന്‍ഡോഴ്‌സ് ചെയ്യാനുള്ള നടപടികളില്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗവും സഹായം ചെയ്തു. രണ്ട് ദിവസത്തെ ടെര്‍മിനല്‍ ജീവിതത്തിനൊടുവില്‍ പുറത്തിറങ്ങിയ ഫഹീം അക്തര്‍ റിയാദിലെ കുടുംബത്തിനൊപ്പമെത്തി. മണിക്കൂറുകളോളം രാജ്യം നഷ്ടപ്പെട്ട അനുഭവമാണുണ്ടായതെന്നും രക്ഷക്കെത്തിയ ശിഹാബിനോട് തീരാത്ത നന്ദിയുണ്ടെന്നും ഫഹീം പറഞ്ഞു.

അശ്രദ്ധമൂലം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് എയര്‍പോര്‍ട്ടില്‍ കുടുങ്ങുന്ന കേസ് ഇതാദ്യമല്ലെന്നും നാട്ടില്‍ അവധിക്കാലം ആരംഭിക്കുന്നതിനാല്‍ കുടുംബങ്ങള്‍ സന്ദര്‍ശകവിസയില്‍ എത്തുന്ന സമയമായതിനാല്‍ കുട്ടികളുടേത് ഉള്‍പ്പടെ ഒരാളുടെ കൈയ്യില്‍ നാലും അഞ്ചും പാസ്‌പോര്‍ട്ടുമുണ്ടാകും. ഒരാളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരുടെയും യാത്രയ്ക്ക് അത് പ്രതിസന്ധിയുണ്ടാക്കും. യാത്രക്കാര്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading