ഡല്‍ഹി: പത്താം ക്ലാസ് പരീക്ഷാ സമ്പ്രദായത്തില്‍ ഒരു പ്രധാന പരിഷ്‌കാരം നിര്‍ദ്ദേശിച്ച് സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍). 2025-26 അക്കാദമിക് സെഷന്‍ മുതല്‍ രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നടത്താനാണ് സിബിഎസ്ഇ പദ്ധതിയിടുന്നത്. ദേശീയ വിദ്യാഭ്യാസ നയവുമായി (NEP) യോജിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കോറുകള്‍ മെച്ചപ്പെടുത്താനുള്ള അവസരം നല്‍കുക, അക്കാദമിക് സമ്മര്‍ദ്ദം കുറയ്ക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നീക്കം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം ചര്‍ച്ച ചെയ്തത്. കഴിഞ്ഞദിവസം, ചൊവ്വാഴ്ച പുറത്തിറക്കിയ കരട് നയം വികസിപ്പിക്കുകയും സിബിഎസ്ഇ വെബ്സൈറ്റില്‍ (https://www.cbse.gov.in) അപ്ലോഡ് ചെയ്യുകയും ചെയ്തു. സ്‌കൂളുകള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് 2025 മാര്‍ച്ച് 9 വരെ ഫീഡ്ബാക്ക് ക്ഷണിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിലായിരിക്കും തീരുമാനം.
വിദ്യാര്‍ത്ഥികളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനും മെച്ചപ്പെടുത്തലിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനുമായി NEP 2020, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്താന്‍ ശുപാര്‍ശ ചെയ്യുന്നു. കരട് നയം അനുസരിച്ച്, ആദ്യ ഘട്ട പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെയും രണ്ടാം ഘട്ടം മെയ് 5 മുതല്‍ മെയ് 20 വരെയുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2026 ല്‍ ഏകദേശം 26.60 ലക്ഷം (2.66 ദശലക്ഷം) പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും 20 ലക്ഷം (2 ദശലക്ഷം) പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മുഴുവന്‍ സിലബസും ഉള്‍ക്കൊണ്ടായിരിക്കും രണ്ട് പരീക്ഷകളും നടത്തുക. സയന്‍സ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഒരു നിശ്ചിത പരീക്ഷാ ഷെഡ്യൂള്‍ പിന്തുടരും, അതേസമയം പ്രാദേശിക, വിദേശ ഭാഷകള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒരു ദിവസവുമായിരിക്കും. സിബിഎസ്ഇയുടെ ഇന്റേണല്‍ ഷെഡ്യൂളിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തീയതി നിശ്ചയിച്ചുകൊണ്ട് ഡാറ്റ സയന്‍സ് പോലുള്ള ഐച്ഛിക വിഷയങ്ങള്‍ക്കുള്ള പരീക്ഷകള്‍ രണ്ടോ മൂന്നോ തവണ നടത്താനും ശുപാര്‍ശ ചെയ്യുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
