കാര്‍വാര്‍: കാര്‍വാര്‍ നാവിക താവളത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയതിന് ഉത്തര കന്നഡ ജില്ലയില്‍ നിന്നുള്ള രണ്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശികളായ വേതന ടന്‍ഡെലിനെയും ഹലവള്ളിയില്‍ നിന്നുള്ള അക്ഷയ് നായികുമാണ് എന്‍ഐഎയുടെ കസ്റ്റഡിയിലായത്.
പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഹണി ട്രാപ്പിലൂടെയാണ് പ്രതികളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സംശയം. പാക് വനിതാ ഏജന്റ് 2023-ല്‍ ഫെയ്സ്ബുക്കില്‍ ഇവരുമായി ചങ്ങാത്തമുണ്ടാക്കുകയും നാവിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, യുദ്ധക്കപ്പലുകളുടെ വിശദാംശങ്ങള്‍ തുടങ്ങി തന്ത്രപ്രധാനമായ സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തു. 2024 ഓഗസ്റ്റില്‍ ഇവരെ ചാരപ്രവര്‍ത്തനം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്തിരുന്നെങ്കിലും അന്ന് മതിയായ തെളിവ് ലഭിക്കാത്തതിനാല്‍ വിട്ടയച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.
പ്രതികള്‍ കാര്‍വാര്‍ താവളത്തിന്റെ ചിത്രങ്ങളും നാവിക നീക്കങ്ങളുടെ വിശദാംശങ്ങളും കൈമാറി. ഇതിന് പ്രതിഫലമായി എട്ട് മാസത്തോളം 5,000 രൂപ ലഭിച്ചു. കാര്‍വാറിലെ ചണ്ഡ്യ മേഖലയിലെ അയണ്‍ ആന്‍ഡ് മെര്‍ക്കുറി എന്ന കമ്പനിയുമായി കരാറിലാണ് ടാന്‍ഡലും നായികും ജോലി ചെയ്തിരുന്നത്. കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നതിനാല്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
