ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

rekha

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും ആഷിഷ് സൂദ്, മജീന്ദര്‍ സിങ് സിര്‍സ, മഞ്ജീന്ദര്‍ സിംഗ് സിര്‍സ, രവീന്ദ്ര ഇന്ദ്രാജ് സിങ്ങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ്ങ് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര മന്ത്രിമാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, എഎപി എംപി സ്വാതി മലിവാള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. വിവിധ മത ആചാര്യന്മാര്‍ക്കും പൗര പ്രമുഖര്‍ക്കും വേദിയില്‍ പ്രത്യേക ഇടം ഒരുക്കിയിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപ്ത. 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി അധികാരത്തിലെത്തുന്നത്. സുഷമ സ്വരാജായിരുന്നു ഡല്‍ഹിയിലെ ബിജെപിയുടെ അവസാന മുഖ്യമന്ത്രി. സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവരായിരുന്നു രേഖയുടെ മുന്‍ഗാമികളായി അധികാരത്തിലിരുന്ന വനിത മുഖ്യമന്ത്രിമാര്‍. ബിജെപി മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ വനിതാ നേതാവിനെ ബിജെപി ഡല്‍ഹി ഭരിക്കാനേല്‍പ്പിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണെന്നാണ് വിലയിരുത്തല്‍.

ഇന്നലെ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് രേഖ ഗുപ്തയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി നിയുക്ത എംഎല്‍എമാരുടെ യോഗത്തിലായിരുന്നു തീരുമാനം. പര്‍വേശ് വര്‍മയാണ് രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ആദ്യമായി നിയമസഭയിലേക്കെത്തുന്ന രേഖയെ മുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ബിജെപി പരിഗണിച്ചു. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്ന് 29,595 വോട്ടിന്റെ ഉജ്ജ്വല വിജയമാണ് രേഖ നേടിയത്. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെയാണ് പരാജയപ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading