മക്ക: റമദാൻ ദിനങ്ങളിൽ മക്കയിലെ ഗ്രാൻഡ് മോസ്ക്കിനുള്ളിൽ വിതരണം ചെയ്യുന്ന ഇഫ്താർ വിഭവങ്ങളിൽ കലോറി കുറഞ്ഞ ഭക്ഷണം നിർബന്ധമെന്ന് അധികൃതർ. സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ പ്രവർത്തകരായ വ്യക്തികൾ എന്നിവർക്ക് ഗ്രാൻഡ് മോസ്കിനുള്ളിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാനുള്ള അനുമതിയ്ക്കായി അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേക പോർട്ടലും തുറന്നു.
മക്കയിലെ ജനറൽ അതോറിറ്റിയാണ് പോർട്ടൽ ആരംഭിച്ചത്. മാർച്ച് 1 മുതൽ വ്രതാരംഭത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മാസത്തെ വ്രതനാളുകളിൽ പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗമുള്ള വിശ്വാസികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാൻ വേണ്ടിയാണ് ഇഫ്താറിൽ കലോറി കുറഞ്ഞ ഭക്ഷണമേ പാടുള്ളുവെന്ന കർശന നിർദേശം. ആരോഗ്യകരവും ശുചിത്വം ഉറപ്പാക്കിയും വേണം ഇഫ്താർ ഭക്ഷണം നൽകാനെന്നും നിർദേശത്തിൽ പറയുന്നു.
നിബന്ധനകൾ
∙ വ്യക്തികൾ നൽകുന്ന മൊത്തം ഭക്ഷണത്തിന്റെ 20 ശതമാനവും സന്നദ്ധ സംഘടനകൾ നൽകുന്നവയിൽ 30 ശതമാനം വിഭവങ്ങളും കുറഞ്ഞ കലോറിയുള്ളവ ആയിരിക്കണം.
∙ സേവന ഗുണനിലവാരം ഉറപ്പാക്കാൻ അംഗീകൃത സാമഗ്രികൾ കൊണ്ടു മാത്രമേ ഭക്ഷണം പൊതിയാവൂ.
∙ഇഫ്താറിനായി ഓരോ വ്യക്തികൾക്കും 1 സേവന കേന്ദ്രം വീതവും സന്നദ്ധ സംഘടനകൾ ഓരോന്നിനും 10 കേന്ദ്രങ്ങൾ വീതവുമാണ് അനുവദിക്കുന്നത്.
∙അതോറിറ്റിയുടെ അംഗീകാരമുള്ള കാറ്ററിങ് കമ്പനികൾ മുഖേന മാത്രമേ ഇഫ്താർ ഭക്ഷണവിതരണം പാടുള്ളു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
