ദോഹ: ഖത്തറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് ലൈസൻസ് നിർബന്ധമാക്കാൻ നിർദേശം. സോഷ്യൽ മീഡിയയുടെ ഉള്ളടക്കങ്ങളുടെ നിലവാരം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. രാജ്യത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് ലൈസൻസ് ഏർപ്പെടുത്താൻ ശൂറാ കൗൺസിൽ നിർദ്ദേശം നൽകി. സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽഗാനിമിന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ശൂറാ കൗൺസിൽ യോഗം ഇത് സംബന്ധിച്ച നിർദ്ദേശം ഖത്തർ മന്ത്രിസഭയ്ക്ക് മുമ്പാകെ സമർപ്പിച്ചു. ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണം നിയന്ത്രിക്കുന്നതിനുള്ള വിദ്യാഭ്യാസം, സംസ്കാരം, കായികം, ഇൻഫർമേഷൻ കമ്മിറ്റിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള സംവാദ പ്രമേയത്തോടെയാണ് അജണ്ട ആരംഭിച്ചത്.
വിദേശ സംസ്കാരങ്ങളുടെ കടന്നുകയറ്റം തടയുക, ദേശീയതയും ധാർമികതയും ഉറപ്പാക്കുക, അനിയന്ത്രിതമായ പരസ്യങ്ങളുടെ വ്യാപനം തടയുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഡിജിറ്റൽ ക്രിയേറ്റേഴ്സിന് ലൈസൻസ് ഏർപ്പെടുത്തുന്നത്. വീഡിയോകൾ ചെയ്യാൻ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലൈസൻസ് ഉറപ്പാക്കണം എന്നാണ് നിർദ്ദേശം.
സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ ദേശീയ ഐക്യത്തിനും സാമൂഹിക ഐക്യത്തിനും ഹാനികരമല്ലെന്നും വിദ്വേഷ പ്രസംഗം, വിവേചനം, അക്രമം എന്നിവ ഒഴിവാക്കുകയും സാംസ്കാരിക പൈതൃകം, മൂല്യങ്ങൾ, ദേശീയ സ്വത്വം എന്നിവയെ മാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. വിശ്വാസ്യത, ബൗദ്ധിക സ്വത്തവകാശം, സുതാര്യത, തെറ്റിദ്ധരിപ്പിക്കുന്നതോ അശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോ ആയ വിവരങ്ങൾ ഒഴിവാക്കുന്നതിലൂടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള ആദരവ് എന്നിവയും ഉൾപ്പെടുത്തിയായിരിക്കും ലൈസൻസ് അനുവദിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
