ദോഹ: ഖത്തറും സൗദി അറേബ്യയും പുതിയ മാധ്യമ സഹകരണ കരാറില്‍ ഒപ്പുവച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സിയും (ക്യുഎന്‍എ) സൗദി പ്രസ് ഏജന്‍സിയും (എസ്പിഎ) തമ്മിലുള്ള സഹകരണത്തിനും വാര്‍ത്താ വിനിമയത്തിനുമുള്ള പുതിയ കരാര്‍ രൂപീകരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച ദോഹയില്‍ നടന്ന യോഗത്തില്‍ എസ്പിഎയുടെ ആക്ടിംഗ് പ്രസിഡന്റ് അലി അല്‍സൈദും ക്യുഎന്‍എ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ബിന്‍ സയീദ് അല്‍ റുമൈഹിയും കരാറില്‍ ഒപ്പുവെച്ചു.
യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനിയും സൗദി അറേബ്യയിലെ മാധ്യമ വകുപ്പ് മന്ത്രി സല്‍മാന്‍ അല്‍ ദോസരിയും ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് ഹമദ് ബിന്‍ താമര്‍ അല്‍താനി, ഖത്തറിലെ സൗദി അംബാസഡര്‍ മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള, പ്രത്യേകിച്ച് മാധ്യമ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആഴത്തിലാക്കേണ്ടതിന്റെയും സംയുക്ത മാധ്യമ സംരംഭങ്ങള്‍ വിപുലീകരിക്കേണ്ടതിന്റെയും ആവശ്യകതയും ഇരുപക്ഷവും എടുത്തുപറഞ്ഞു.
ഇരു രാജ്യങ്ങളിലെയും സുപ്രധാന നേട്ടങ്ങളും സംഭവങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കം നിര്‍മ്മിക്കുന്നതിലൂടെയും ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണിത്. എഡിറ്റിംഗിലും ഫോട്ടോഗ്രാഫിയിലും പരിശീലന പരിപാടികള്‍, വാര്‍ത്താ നിര്‍മ്മാണത്തില്‍ നൂതന സാങ്കേതികവിദ്യകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സംയോജനം തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ സഹകരണം വളര്‍ത്തിയെടുക്കാനും കരാര്‍ ലക്ഷ്യമിടുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
