എംപോക്‌സ്; വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ അടിയന്തരമായി അറിയിക്കണം, വിമാനത്താവളത്തിൽ പ്രത്യേക സംവിധാനം 

Screenshot 20240918 161205

തിരുവനന്തപുരം: എംപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. ചികിത്സ തേടുന്ന ഡോക്ടറിനെ യാത്രാവിവരം അറിയിക്കണം. 

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ  അനുസരിച്ചുള്ള  ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ തുടങ്ങിയ സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  ഫീൽഡ് തല നിരീക്ഷണ സംവിധാനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. 

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടും. 

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരുമ്പോഴും, സ്പർശനം, ലൈംഗികബന്ധം എന്നിവയിലൂടെയും രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം, പാത്രങ്ങൾ, മൊബൈൽ തുടങ്ങിയവ പങ്കിടുന്നതിലൂടെയും എംപോക്‌സ് പകരും.

സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അസുഖബാധിതരുമായി അടുത്തിടപഴകുന്നവർക്കാണ് എംപോക്സ് ഉണ്ടാകുന്നത് . വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. 

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading