ദോഹ: ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം ശൂറ കൗൺസിൽ അംഗീകരിച്ചു. കരട് നിയമത്തിന് കൗൺസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രിസഭ അറിയിച്ചു.
രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിൽ സ്വദേശിവത്കരണത്തിനുള്ള കരട് നിയമത്തിന് 2023 ഡിസംബറിലാണ് മന്ത്രിസഭ അംഗീകാരം നൽകി. തുടർന്ന് അംഗീകാരത്തിനായി ശൂറ കൗൺസിലിലേക്ക് അയക്കുകയായിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലകളിലുടനീളമുള്ള തൊഴിലിൽ ഖത്തറി പൗരന്മാർക്ക് മുൻഗണന നൽകുന്നതാണ് തീരുമാനം.
ജിസിസി രാജ്യങ്ങൾക്കായി ഏകികൃത വ്യവസായ സംഘടനാ സംവിധാനം പുറപ്പെടുവിക്കുന്ന കരട് നിയമത്തിനു ശൂറ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. രാജ്യത്തെ ടെൻഡർ, ലേല നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമം, സ്കൂളുകളുടെ ഓർഗനൈസേഷൻ സംബന്ധിച്ച് 2017 ലെ നിയമ നമ്പർ (9) ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമം, 2004 ലെ നിയമം (11) പുറപ്പെടുവിച്ച ശിക്ഷാ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന ഒരു കരട് നിയമത്തിനും കൗൺസിൽ അംഗീകാരം നൽകി.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം അമീരി ദിവാനിൽ ചേർന്ന പതിവ് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. യോഗത്തിന് ശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മോഹൻനാദി പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
