ദോഹ: ഖത്തറും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുമെന്ന് ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ പറഞ്ഞു. ഗൾഫ് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ 16 ബില്യൺ ഡോളറിന്റെ വാർഷിക വ്യാപാരം ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യയും ഖത്തറും തമ്മിൽ ശക്തവുമായ ഉഭയകക്ഷി ബന്ധമാണ്. ഇന്ത്യയും ഖത്തറും സഹകരിക്കാൻ ലക്ഷ്യമിടുന്ന നിരവധി പുതിയ മേഖലകളുണ്ട്, അവയിൽ ചിലത് ഇതിനകം നടന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ നിരവധി മേഖലകളിൽ വലിയ വികസനങ്ങൾ ഉണ്ടായിട്ടുണ്ട്,” – അദ്ദേഹം വിശദീകരിച്ചു.
ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഖത്തർ സന്ദർശനം വളരെ വിജയകരമായിരുന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഫാദർ അമീർ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയം, വ്യാപാരം, ഊർജം, നിക്ഷേപം, കോൺസുലർ സേവനങ്ങൾ തുടങ്ങി നിരവധി മേഖലകൾ ഉൾപ്പെടുന്ന ഖത്തറിൻ്റെ നേതൃത്വവുമായി പ്രധാനമന്ത്രി വളരെ ഫലപ്രദമായ ചർച്ചകൾ നടത്തിയെന്നും ഖത്തർ ഇന്ത്യൻ അംബാസിഡർ വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട മോദിയെ അഭിനന്ദിക്കാൻ ഖത്തർ അമീർ നടത്തിയ ഫോൺ കോളിലൂടെയും ഇരു രാജ്യങ്ങളുടെയും ബന്ധം ഉറപ്പിക്കുന്നതിനുള്ള വിവിധ വശങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തതയും അംബാസിഡർ വിപുൽ വിശദീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാര പങ്കാളിത്തമാണെന്നും ഇന്ത്യൻ അംബാസഡർ വെളിപ്പെടുത്തി. 2028 മുതൽ 20 വർഷത്തേക്ക് ഖത്തറിൽ നിന്ന് 7.5 മില്യൺ ടൺ എൽഎൻജി വാങ്ങാനുള്ള കരാറിൽ ഇന്ത്യ അടുത്തിടെ ഒപ്പുവച്ചിട്ടുണ്ട്. ഇത് ഖത്തറുമായുള്ള ദീർഘകാല ഊർജ പങ്കാളിത്തത്തിൻ്റെ തുടർച്ചയാണ്. ഇന്ത്യയിലേക്കുള്ള മൊത്തം എൽഎൻജി ഇറക്കുമതിയുടെ കാര്യത്തിൽ 45% ഖത്തറിൽ നിന്നാണ്. അടുത്തിടെ ഖത്തർ എനർജിയിൽ നിന്ന് 2 മില്യൺ ടൺ നാഫ്ത ലഭിക്കുന്നതിന് ഇന്ത്യയിലെ ഹാൽദിയ പെട്രോകെമിക്കൽസുമായി കരാറിൽ ഒപ്പുവച്ചു, ”- അംബാസഡർ അറിയിച്ചു.
“നിക്ഷേപത്തിൻ്റെ കാര്യത്തിൽ, റിലയൻസ്, അദാനി ഗ്രീൻ തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങളിലെ ഖത്തറിൻ്റെ നിക്ഷേപം ഉൾപ്പെടെ ഖത്തറിൽ നിന്ന് ചില വലിയ ഇടപാടുകൾ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ നിക്ഷേപത്തിൻ്റെ കാര്യത്തിൽ അനുകൂലമായ നിരവധി സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്”. പല മേഖലകളിലും ബന്ധം വളരെ ശക്തമാണെന്നും പുതിയ നിരവധി മേഖലകളിൽ സഹകരണത്തിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പുതിയ സാങ്കേതിക വിദ്യകളും ഊർജ സങ്കൽപ്പങ്ങളും കൊണ്ട് ലോകം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. ഖത്തറിൻ്റെ മുൻഗണനകൾക്കും ഇന്ത്യയുടെ ശ്രമങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട്, സുസ്ഥിരത, സാങ്കേതികവിദ്യയിലെ പുതിയ മേഖലകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സുസ്ഥിരത, പുനരുപയോഗിക്കാവുന്ന ഊർജം, സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ സുരക്ഷ എന്നിവയുടെ പുതിയ മേഖലകൾ, പുനരുപയോഗ ഊർജത്തിലെ വ്യാപാരത്തിൻ്റെയും നിക്ഷേപത്തിൻ്റെയും പരമ്പരാഗത വശങ്ങൾ എന്നിവയാണ് നിലവിൽ ആലോചനയിലുള്ളതെന്നും ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്
