അബുദാബി: യുഎഇ ആരോഗ്യമന്ത്രാലയം രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഗര്‍ഭച്ഛിദ്രം അനുവദനീയമായ കേസുകള്‍ക്കുള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും മന്ത്രാലയം വ്യക്തമാക്കി. ‘ഗര്‍ഭിണിയുടെ ജീവന്‍ സംരക്ഷിക്കുക, അവളുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യത്തെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ മേല്‍നോട്ടം വര്‍ദ്ധിപ്പിക്കുക’ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം.
വ്യക്തമായ വ്യവസ്ഥകളിലും നിയന്ത്രണങ്ങളിലും ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. ഗര്‍ഭച്ഛിദ്രം സംബന്ധിച്ച അഭ്യര്‍ത്ഥനകള്‍ സമഗ്രമായി പരിശോധിക്കാന്‍ ഓരോ ആരോഗ്യ അതോറിറ്റിയിലും ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഗര്‍ഭച്ഛിദ്രത്തിന് ലൈസന്‍സുള്ള ഒരു ഫിസിഷ്യന്റെ അംഗീകാരം നിര്‍ബന്ധമാണ്. നടപടിക്രമം ഗര്‍ഭിണിയുടെ ജീവന് ഭീഷണിയാകുന്ന മെഡിക്കല്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകരുത്. ഗര്‍ഭച്ഛിദ്രം സമയത്ത് ഗര്‍ഭാവസ്ഥയുടെ കാലാവധി 120 ദിവസത്തില്‍ കൂടരുതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഗര്‍ഭച്ഛിദ്ര കമ്മിറ്റികളില്‍ തീരുമാനം എങ്ങനെ?
കമ്മിറ്റിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധമാണ്. അവരില്‍ ഒരാള്‍ പ്രസവ-ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റായിരിക്കണം. ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റിന് പുറമെ സൈക്യാട്രി സ്‌പെഷ്യലിസ്റ്റ്, പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള ഒരു പ്രതിനിധി എന്നിവരും ഉണ്ടായിരിക്കണം.
ഗര്‍ഭഛിദ്രം അനുവദിക്കുന്ന സാഹചര്യങ്ങള്‍:
- ഗര്‍ഭം തുടരുന്നത് ഗര്‍ഭിണിയുടെ ജീവന് അപകടമുണ്ടാക്കുന്നുവെങ്കില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്
- ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിക്കാന്‍ ബദല്‍ മാര്‍ഗം ഇല്ലെങ്കില്‍ / ഗര്‍ഭപിണ്ഡത്തിന്റെ രൂപഭേദം ഗുരുതരമായതും തെളിയിക്കപ്പെട്ടതും നവജാതശിശുവിന്റെ ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്.
- അതിന് സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ കമ്മിറ്റി നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ട് കേസിനെ പിന്തുണയ്ക്കണം.
