അബുദാബി: യുഎഇ അഗ്രികള്‍ച്ചര്‍ അതോറിറ്റി, ഫാമുകളില്‍ ക്രിപ്റ്റോ മൈനിംഗ് (ക്രിപ്‌റ്റോ ഖനനം) നിരോധിച്ചു. ക്രിപ്‌റ്റോ ഖനനത്തിനായി ഫാമുകള്‍ ഉപയോഗിക്കരുതെന്ന് അബുദാബി അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി കര്‍ഷകരോട് നിര്‍ദേശിച്ചു. അനുമതിയുള്ള ഉപയോഗത്തിന് പുറമെയുള്ള ആവശ്യങ്ങള്‍ക്കായി ഫാം ഉപയോഗിച്ചാല്‍ അത് ദുരുപയോഗമായി കണക്കാക്കുമെന്നും സര്‍ക്കാര്‍ ഏജന്‍സി വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 യുഎഇ ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അതോറിറ്റി അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് ക്രിപ്റ്റോ കറന്‍സികള്‍ നേടാനുള്ള ജനപ്രിയ മാര്‍ഗമാണ് ക്രിപ്റ്റോ മൈനിംഗ്. ക്രിപ്റ്റോയുമായി യുഎഇ പരസ്യമായി സൗഹൃദത്തിലാണെങ്കിലും, ഖനനം ഉള്‍പ്പെടെ ക്രിപ്റ്റോ കറന്‍സികള്‍ ഉള്‍പ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ജൂലൈ 18ന് കുവൈത്ത് നിരോധിച്ചിട്ടുണ്ട്.
