കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണ കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വധശിക്ഷ ശരിവെച്ച് ഉത്തരവിട്ടു. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നും വിധി പ്രസ്താവത്തിനിടെ ഹൈക്കോടതി വ്യക്തമാക്കി. കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു. വിധി കേള്‍ക്കാന്‍ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു.
കൊലപാതകം, ബലാല്‍സംഗം, അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ അസാം സ്വദേശിയായ പ്രതിക്കെതിരെ നേരത്തെ തെളിഞ്ഞിരുന്നു. അതേസമയം താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നും പ്രതി അമിറുള്‍ ഇസ്ലാം അപ്പീലില്‍ വാദിച്ചു.
2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ ഒറ്റമുറി ഷെഡില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. പ്രതിയുടെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചത് കേസില്‍ നിര്‍ണായകമായി. പ്രതിയുടെ ചെരുപ്പില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡിഎന്‍എയും കണ്ടെത്തി. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് പ്രതിക്ക് പ്രോസിക്യൂഷന്‍ വധശിക്ഷ ഉറപ്പുവരുത്തിയത്.
