റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ട്രെയിനില്‍ സ്ത്രീവേഷം ധരിച്ചെത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്തു. പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീ വേഷം ധരിച്ച് പ്രവേശിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം ഇയാളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം സൗദി നിയമപ്രകാരം, പൊതുസ്ഥലങ്ങളില്‍ മറ്റ് ലിംഗക്കാര്‍ക്ക് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ച് എത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സ്ത്രീകളെ അനുകരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്. 2019-ലാണ് സൗദി ഔദ്യോഗികമായി പബ്ലിക് ഡെക്കോറം കോഡ് എന്ന് നാമകരണം ചെയ്ത് നിയമം നടപ്പിലാക്കിയത്. ആളുകള്‍ക്ക് കുറ്റകരമോ അപകടകരമോ ആയി കണക്കാക്കുന്ന പൊതു ദുഷ്പ്രവൃത്തികള്‍ക്ക് പിഴയും തടവും ഉള്‍പ്പെടെയുള്ള പിഴകളും ഉള്‍പ്പെടുന്നതാണ് നിയമം
