ദോഹ: ശീതകാലത്തിന്റെ ആരംഭത്തോടനുബന്ധിച്ച്, സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരായ വാക്സിനേഷൻ-ബോധവൽക്കരണ ദേശീയ ക്യാമ്പയ്‌നിന് തുടക്കമിട്ട് ഖത്തർ ആരോഗ്യ മന്ത്രാലയം. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുമായും സർക്കാർ, അർദ്ധ-സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുമായും സഹകരിച്ചാണ് ക്യാമ്പയിൻ.
രോഗബാധയ്ക്ക് സാധ്യത കൂടുതലുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ട് അടുത്ത മാർച്ച് അവസാനം വരെ നീളുന്നതാണ് ക്യാമ്പയ്‌ൻ. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, 6 മാസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, ആസ്ത്മയും പ്രമേഹവും പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.
വാക്സിനേഷൻ കേന്ദ്രങ്ങളും അപ്പോയിന്റ്‌മെന്റും: ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം, രാജ്യത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (PHCC) ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ആരോഗ്യ കേന്ദ്രങ്ങളിലും 50-ലധികം സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണ്. വാക്സിൻ എടുക്കാൻ അർഹരായവർക്ക് നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിൽ ചെന്ന് വാക്സിൻ സ്വീകരിക്കാവുന്നതിനാൽ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതില്ലെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അറിയിച്ചു. വാക്സിൻ ലഭ്യത എളുപ്പമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി പ്രത്യേക ‘ഫാസ്റ്റ് ട്രാക്ക്’ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സീസണൽ ഇൻഫ്ലുവൻസയിൽ (പകർച്ചപ്പനി) നിന്ന് സംരക്ഷണം നേടുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമാണ് ഫ്ലൂ വാക്സിൻ എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ-പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ-റുമൈഹി പറഞ്ഞു. ഇൻഫ്ലുവൻസ വൈറസുകളിൽ നിരന്തരം മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ, ഓരോ സീസണിലും വ്യാപകമായി കാണപ്പെടുന്ന വൈറസ് വകഭേദങ്ങളെ (strains) ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടനയാണ് വാക്സിൻ വികസിപ്പിക്കുന്നത്. വാക്സിൻ സ്വീകരിച്ച് ശരീരത്തിൽ പൂർണ്ണമായ പ്രതിരോധശേഷി രൂപപ്പെടാൻ ഏകദേശം രണ്ടാഴ്ചയോളം സമയം വേണ്ടിവരും. അതിനാൽ, ശൈത്യകാലം ആരംഭിക്കുന്നതിന് മുൻപ് – പ്രത്യേകിച്ച് ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ – പുതിയ വാക്സിൻ എടുക്കേണ്ടത് പ്രധാനമാണ്.
അതേസമയം ന്യൂമോണിയയും നിലവിലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ (chronic diseases) അവസ്ഥ വഷളാകുന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇൻഫ്ലുവൻസ കാരണമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും രോഗവ്യാപനം കുറയ്ക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നതിനാൽ, സീസണൽ ഫ്ലൂ വാക്സിൻ എത്രയും വേഗം സ്വീകരിക്കാൻ പൗരന്മാരോടും താമസക്കാരോടും – പ്രത്യേകിച്ച് രോഗബാധയ്ക്ക് സാധ്യത കൂടുതലുള്ളവരോട് – ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി, 16000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
