വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; ഏഴ് മാറ്റങ്ങള്‍ വരുത്താമെന്ന് എംവിഡി

InShot 20261007 173308761

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വാഹനങ്ങളില്‍ ഏഴ് തരം രൂപമാറ്റങ്ങള്‍ അംഗീകരിക്കാമെന്നാണ് ഗതാഗത കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. എംവിഡിയുടെ അനുമതിയോടെ രൂപമാറ്റം ആകാമെന്നാണ് അറിയിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ നിറം അനുവദീയമായ തരത്തില്‍ മാറ്റാം, വാഹനങ്ങളില്‍ എന്‍ജിന്‍ ടൈപ്പ് മാറ്റാം, കൂടാതെ വാഹനത്തിന്റെ ചേസില്‍ എന്തെങ്കിലും തകരാറുകളോ മാറ്റമോ വരുത്തണമെങ്കില്‍ ചെയ്യാം. വാഹനത്തിന്റെ ബോഡി സ്ട്രച്ചറിന് ഏതെങ്കിലും തരത്തില്‍ രൂപമാറ്റം വരുത്തണമെങ്കില്‍ അനുവദനീയമായ തരത്തില്‍ മാറ്റാം. ഡീസല്‍ വാഹനങ്ങളും പെട്രോള്‍ വാഹനങ്ങളായാലും അതിന്റെ ഇന്ധനം സിഎന്‍ജിയിലേക്കോ അങ്ങനെ ഏത് തരത്തിലും മാറ്റാം. ഇങ്ങനെ ഏഴ് നിര്‍ദേശങ്ങളാണ് അനുവദിച്ചിട്ടുള്ളത്.

1. നിറം മാറ്റല്‍ : റജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ, ആര്‍സിയില്‍ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ നിറം മാറ്റാന്‍ പാടുള്ളൂ. പുതിയ നിറം സി.എം.വി.ആര്‍. ചട്ടം 121 പ്രകാരമോ കാലാകാലങ്ങളില്‍ നിലവിലുള്ള എസ്ടിഎ. തീരുമാനങ്ങള്‍ പ്രകാരമോ നിരോധിക്കപ്പെട്ടതാകാന്‍ പാടില്ല.

2. എന്‍ജിന്‍ മാറ്റല്‍ : വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അതേ സ്‌പെസിഫിക്കേഷനിലുള്ള (ഒരേ മോഡല്‍, കപ്പാസിറ്റി, പവര്‍ മുതലായവ) എന്‍ജിന്‍ മാത്രമേ മാറ്റിവയ്ക്കാവൂ. പഴയ എന്‍ജിന്‍ നിര്‍മിച്ച അതേ കമ്പനിയുടെ എന്‍ജിനായിരിക്കുകയും വേണം. ഇത് ആര്‍.സിയില്‍ രേഖപ്പെടുത്തുയും വേണം. മറ്റേതെങ്കിലും വാഹനത്തിന്റെ എന്‍ജിന്‍ മാറ്റിവയ്ക്കുന്നത് അനുവദിക്കില്ല.

3. ഷാസി ഫ്രെയിം മാറ്റിസ്ഥാപിക്കല്‍ : നിലവിലെ ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും പുതിയ ഷാസി മാറ്റിവയ്ക്കാം. ഇതും ആര്‍സിയില്‍ രേഖപ്പെടുത്തണം. ഒരു തരത്തിലുള്ള വാഹനത്തിനായി നിര്‍മ്മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റിയെടുക്കാന്‍ പാടില്ല.

4. ബോഡി ഘടനയില്‍ മാറ്റം വരുത്തല്‍: സി.എം.വി.ആര്‍. ചട്ടം 112 കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ ബോഡി ഘടനയില്‍ മാറ്റം വരുത്താവൂ. ഇതും ആര്‍.സിയില്‍ ചേര്‍ക്കണം.

5. അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് ഇന്ധനം മാറ്റല്‍: ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍, വാഹന കമ്പനി ഡീലര്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ഷോപ്പ്, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ ഇന്ധനം മാറ്റല്‍ ചെയ്യാവൂ. അതും അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് മാത്രം. ഇതും ആര്‍.സിയില്‍ ഉള്‍പ്പെടുത്തണം.

6. പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റല്‍ : അംഗീകൃത കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് മാത്രമേ പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റാവൂ. എല്ലാ പ്രവൃത്തികളും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കണം. വര്‍ക്ക് പൂര്‍ത്തിയായശേഷം ആര്‍.സിയില്‍ രേഖപ്പെടുത്തുകയും വേണം.

7. ഭിന്നശേഷി സൗഹൃദ വാഹനമാക്കി മാറ്റല്‍ : ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍, വാഹന നിര്‍മ്മാതാവിന്റെ ഡീലര്‍, അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള വര്‍ക്ക്ഷോപ്പ് അല്ലെങ്കില്‍ സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ സാധാരണ വാഹനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാവൂ. ഇതിനും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വ്യവസ്ഥകള്‍ ബാധകമായിരിക്കും.

രജിസ്റ്ററിങ് അതോറിറ്റികള്‍ നിര്‍മ്മാതാവിന്റെ സ്‌പെസിഫിക്കേഷനുകളുടെയും വാഹനത്തിന്റെ ടൈപ്പ് അപ്രൂവല്‍/പ്രോട്ടോടൈപ്പ് അപ്രൂവലിന്റെയും അടിസ്ഥാനത്തിലായിരിക്കും മോഡിഫിക്കേഷന്‍ അപേക്ഷകളില്‍ നടപടി സ്വീകരിക്കുക. അനുവദിച്ച മാറ്റങ്ങള്‍ ആര്‍.സിയില്‍ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്.

പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. ആര്‍ടിഒ ഓഫീസില്‍ എത്തി അപേക്ഷ നല്‍കി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വാഹനങ്ങള്‍ക്ക് രൂപമാറ്റം നടത്താം. മാറ്റങ്ങളെല്ലാം വാഹനത്തിന്റെ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുകയും വേണം. ഇനി ആര്‍സിയില്‍ വാഹനത്തിന്റെ മാറ്റങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നുമാണ് അറിയിപ്പ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading