ഫ്ലൈ ദുബായ് സംഭവം: പരിക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരം,അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

InShot 20261001 133123869

റിയാദ്: ഫ്ലൈദുബായ് വിമാന ദുരന്തം തടഞ്ഞ ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എംബസി. സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അറിയിച്ചു.
സ്മിത് മച്ചാറിന്റെ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ആരോഗ്യസ്ഥിതി പൂർണമായും വീണ്ടെടുക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും സൗദി അധികൃതരുമായി ചേർന്ന് ഉറപ്പാക്കുന്നുണ്ടെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.


ദുബായിൽ നിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് എഫ്‌സെഡ് 1073 വിമാനത്തിലുണ്ടായ സുരക്ഷാപ്രശ്നത്തെത്തുടർന്നാണ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റായ സ്മിത് മച്ചാർക്ക് പരുക്കേറ്റത്. വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ സുരക്ഷാപ്രശ്നത്തെ തുടർന്ന് യാത്ര തടസ്സപ്പെട്ട വിമാനം തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.


യുഎഇ ജനറൽ സിവില്‍ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് വിമാനം അടിയന്തരമായി തബൂക്ക് വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തബൂക്കിൽ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനമായ ടെൽ അവീവിലേക്ക് എത്തിക്കുന്നതിനായി കമ്പനി രണ്ട് പകരക്കാരൻ വിമാനങ്ങൾ ഏർപ്പെടുത്തി നൽകി. സംഭവം നടക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘങ്ങൾ വിശദമായി പരിശോധിച്ച് റിപോർട്ട് തയാറാക്കിവരികയാണെന്ന് യുഎഇ സിവില്‍ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

ദുബായിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിലാണ് ഇന്നലെ, ബുധനാഴ്ച നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ ഒമാൻ പൗരനായ പൈലറ്റുമാരിലൊരാൾ സഹപൈലറ്റിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ മച്ചാറിന് ഇതിനിടെ ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമംകാട്ടിയ പൈലറ്റിനെ കീഴ്‌പ്പെടുത്തി. വിമാനത്തിനുള്ളിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റു രണ്ടു പൈലറ്റുമാർ വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്കിൽ തിരിച്ചിറക്കുകയായിരുന്നു.
അതേസമയം ഫ്ളൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ധീരനായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം കാട്ടിയ ധൈര്യം അഭിനന്ദനാർഹമാണെന്നും മോദി പറഞ്ഞു.

നൂറുകണക്കിന് ആളുകളുടെ ജീവനാണ് ഇതിലൂടെ താങ്കൾ രക്ഷിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും മോദി എക്‌സിൽ കുറിച്ചു.

മുംബൈ സ്വദേശിയാണ് ക്യാപ്റ്റൻ മച്ചാർ. ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. 2022 ജൂണിലാണ് യുഎഇയിലെ വിമാനക്കമ്പനിയായ ഫ്ലൈദുബായിൽ ക്യാപ്റ്റനായി ചേർന്നത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading