ദോഹ: ഖത്തറും ഇന്ത്യയും ഉഭയകക്ഷി നിക്ഷേപ കരാർ (BIT), സ്വതന്ത്ര വ്യാപാര കരാർ (FTA) എന്നിവയുമായി ബന്ധപ്പെട്ട സഹകരണം വേഗത്തിലാക്കാൻ ധാരണയിലെത്തി. ഇതിനൊപ്പം, ഖത്തർ പ്രഖ്യാപിച്ച 10 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയും ഇന്ത്യയിൽ ‘ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി’യുടെ ഓഫീസ് സ്ഥാപിക്കാനുള്ള നടപടികളും മുന്നോട്ട് കൊണ്ടുപോകാനും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായുള്ള ഖത്തർ അധികൃതരുടെ കൂടിക്കാഴ്ചയിൽ തീരുമാനമായി.
ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വിദേശ നിക്ഷേപകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ത്യ ഒരുക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഖത്തരി നിക്ഷേപകർ ഇന്ത്യൻ വിപണിയുമായി കൂടുതൽ അടുക്കാനും വിവിധ മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ആഹ്വാനം ചെയ്തു.
‘കൺസ്ട്രക്ഷൻ വേൾഡ്’ (Construction World) എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവരങ്ങൾ പ്രകാരം, ഡൽഹിയിൽ നടന്ന ചർച്ചകളിൽ ഈ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനെക്കുറിച്ച് ഇരുപക്ഷവും ആലോചിച്ചു. ഉഭയകക്ഷി നിക്ഷേപ കരാർ പൂർത്തിയാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ധാരണയായി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
