ദോഹ: ഖത്തറിൽ ഡ്രൈവിംഗ് സ്കൂളുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, ഡ്രൈവിംഗ് സ്കൂളുകൾ കരാർ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
വ്യക്തമായ രേഖാമൂലമുള്ള കരാർ നൽകുക, പരിശീലനം ആരംഭിക്കുന്ന തീയതി കൃത്യമായി വ്യക്തമാക്കുക, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നൽകുന്ന പെർമിറ്റ് നമ്പർ ലഭ്യമാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുക എന്നിവയാണ് പ്രധാനം. വ്യവസ്ഥകൾ പാലിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതൽ സ്കൂളുകൾക്ക് ഒരു മാസത്തെ സാവകാശം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ ഡ്രൈവിംഗ് സ്കൂളുകളേയും അവിടെ ഡ്രൈവിംഗ് പരിശീലനം നേടാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്ന ഒരു രേഖാമൂലമുള്ള കരാർ ഡ്രൈവിംഗ് സ്കൂളുകൾ ഉപഭോക്താക്കൾക്ക് നൽകണം എന്നാണ് പ്രധാന നിർദേശം. കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളതല്ലാതെ, ഉപഭോക്താക്കളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഡ്രൈവിംഗ് സ്കൂളുകൾ തങ്ങളുടെ കരാറിൽ പരിശീലനം ആരംഭിക്കുന്ന യഥാർത്ഥ തീയതി വ്യക്തമായി രേഖപ്പെടുത്തണമെന്നും മന്ത്രാലയം എടുത്തുപറഞ്ഞു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഡ്രൈവിംഗ് സ്കൂളുകൾക്കും ഈ നിബന്ധനകൾ ബാധകമാണെന്നും, ഇവ 2008-ലെ ഉപഭോക്തൃ സംരക്ഷണ നിയമം നമ്പർ (8)-ന് അനുസൃതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
