ദോഹ: പരീക്ഷാസമയത്ത് ഖത്തറിലെ സർക്കാർ സ്കൂൾ ജീവനക്കാർക്ക് രണ്ട് മണിക്കൂർ നേരത്തെ പോകാൻ അനുമതി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ ക്രമീകരണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതുപ്രകാരം, 2026-2027 അധ്യയന വർഷത്തിലെ മിഡ്‌ടേം പരീക്ഷാ കാലയളവിൽ സർക്കാർ സ്കൂളുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക പ്രവൃത്തിസമയം അവസാനിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ജോലി അവസാനിപ്പിച്ച് പോകാൻ അനുമതിയുണ്ടാകും. സ്കൂളുകളുടെ സാധാരണ പ്രവർത്തനത്തെ ബാധിക്കാതെ തന്നെ, അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും തങ്ങളുടെ ഔദ്യോഗിക ചുമതലകളും വ്യക്തിജീവിതവും കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സൗകര്യം നൽകുന്നതിനൊപ്പം, പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
പുതിയ അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ കാര്യ വിഭാഗത്തിന്റെ സർക്കുലർ നമ്പർ 3 പ്രകാരം, മിഡ്‌ടേം പരീക്ഷാ കാലയളവിൽ സ്കൂൾ സമയക്രമത്തിൽ നാല് പിരീഡുകൾ (ക്ലാസ്സ് സമയങ്ങൾ) ഉണ്ടായിരിക്കും.
പരീക്ഷാക്കാലയളവിൽ നാലാം പിരീഡ് അവസാനിച്ചാലുടൻ വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് മടങ്ങാം. അതേസമയം, വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള ഇടവേളയ്ക്കും സ്കൂളുകൾ നിശ്ചിത സമയക്രമം പാലിക്കേണ്ടതുണ്ട്. പുതിയ ക്രമീകരണങ്ങൾ പ്രകാരം, ബാധകമായ ചട്ടങ്ങൾക്ക് വിധേയമായി, സ്കൂൾ ജീവനക്കാർക്ക് അവരുടെ ഔദ്യോഗിക ജോലി സമയം അവസാനിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് മടങ്ങാവുന്നതാണ്. നേരത്തെ മടങ്ങുന്നതിനുള്ള ഈ സമയം, അർഹരായ വനിതാ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള മുലയൂട്ടൽ സമയവുമായോ അല്ലെങ്കിൽ കുറഞ്ഞ ജോലി സമയവുമായോ (reduced working hours) സംയോജിപ്പിക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ജോലിസമയത്തിനിടയിൽ പുറത്തുപോകുന്നതിനുള്ള അനുമതി സംബന്ധിച്ച ചട്ടങ്ങളും ഈ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തുപോകാൻ അനുമതി തേടുന്ന സാഹചര്യത്തിൽ, ഒരു ദിവസം മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം ഇതിനായി എടുക്കാൻ പാടില്ലെന്ന് സർക്കുലർ നിഷ്കർഷിക്കുന്നു. പരീക്ഷാ മൂല്യനിർണ്ണയവും ഗ്രേഡ് രേഖപ്പെടുത്തലും ബന്ധപ്പെട്ട ഇലക്ട്രോണിക് സംവിധാനം തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള നിശ്ചിത സമയക്രമം അനുസരിച്ച് പൂർത്തിയാക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
