ദോഹ: ഖത്തറില്‍ ആരോഗ്യ സംരക്ഷണ പ്രാക്ടീഷണര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ അനുവദിക്കുന്ന തീരുമാനം അപ്ഡേറ്റ് ചെയ്ത് പൊതുജനാരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ നമ്പര്‍ (24/2025) പുറത്തിറക്കി. രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ തൊഴില്‍ ശക്തി വികസിപ്പിക്കുന്നതിനും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കുള്ള ഭരണപരമായ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയതീരുമാനം.
ഖത്തരി പൗരന്മാര്‍, ഖത്തരി സ്ത്രീകളുടെ കുട്ടികള്‍, ഖത്തരി കുടുംബ റെസിഡന്‍സി പെര്‍മിറ്റുകള്‍ കൈവശമുള്ളവര്‍ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍, ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ലളിതമാക്കിയാണ് പുതിയ അപ്ഡേറ്റ്. ഖത്തറിലെയും പുറത്തുള്ള സര്‍വകലാശാലകളിലേയും യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്കുള്ള പ്രൊഫഷണല്‍ അനുഭവവും പ്രോമെട്രിക് യോഗ്യതാ പരീക്ഷയുമായി ബന്ധപ്പെട്ട ആവശ്യകതകളും പുതിയ നിയമത്തില്‍ അവലോകനം ചെയ്യുന്നുണ്ട്.
ഖത്തറിലെ പൊതു, സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബിരുദം നേടിയവര്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് നേടുന്നതിന് പ്രൊഫഷണല്‍ പരിചയം ആവശ്യമില്ലെന്ന് ഖത്തര്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ വകുപ്പിലെ രജിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജവഹര്‍ അല്‍ അലി വ്യക്തമാക്കി. ജനറല്‍ ഡെന്റിസ്ട്രി, ഫാര്‍മസി, നഴ്‌സിംഗ്, അനുബന്ധ ആരോഗ്യ മേഖലകളിലെ ബിരുദധാരികള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഖത്തറിലെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ പ്രാക്ടീഷണറായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് നേടുന്നതിന് ഒരു വര്‍ഷത്തെ പരിചയം പൂര്‍ത്തിയാക്കേണ്ടതുണ്ട്. രാജ്യത്തെ ബാധകമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിലൂടെയോ അല്ലെങ്കില്‍ മേല്‍നോട്ടത്തിലുള്ള ജനറല്‍ പ്രാക്ടീഷണര്‍ ലൈസന്‍സ് നേടുന്നതിലൂടെ അംഗീകൃത പ്രായോഗിക പരിചയം പൂര്‍ത്തിയാക്കുന്നതിലൂടെയോ ഈ വര്‍ഷം പൂര്‍ത്തീകരിക്കാചൂണ്ടിവുന്നതാണ്.
എന്നാല്‍ ഖത്തറിലെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയവരും മെഡിക്കല്‍ റെസിഡന്‍സി പ്രോഗ്രാമുകളില്‍ നേരിട്ട് ചേരുന്നവരുമായ ഡോക്ടര്‍മാര്‍ക്ക് ഇന്റേണ്‍ഷിപ്പ് ആവശ്യമില്ല. അതേസമയം ഖത്തറിന് പുറത്തുള്ള സര്‍വകലാശാലകളിലെ ബിരുദധാരികള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ സര്‍ക്കുലര്‍ അംഗീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
