പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് കൃത്യമായ പ്ലാനോടെ. മൂന്നാമത്തെ പീഡന പരാതക്കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ബലാല്‍സംഗവും ഗര്‍ഭ ഛിദ്രവും ആരോപിച്ച് ഇമെയില്‍ വഴിയാണ് പൊലീസിന് പരാതി നല്‍കിയത്. രാഹുല്‍ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് പരാതി. ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു. ഇ മെയിലില്‍ ലഭിച്ച പരാതിക്ക് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതിക്കാരിയുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ പാലക്കാട് ഹോട്ടലില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരി സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പൊലീസിന് കൈമാറിയെന്നാണ് വിവരം. രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വാങ്ങി നല്‍കിയെന്നാണ് പരാതിക്കാരിയുടെ മൊഴി. ചെരിപ്പ് വാങ്ങാന്‍ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തു, ഇതിന്റെ തെളിവടക്കം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. പത്തനംതിട്ട ജില്ലക്കാരിയാണ് യുവതി, നിലവില്‍ വിദേശത്ത് താമസിക്കുകയാണ്. ഭ്രൂണത്തിന്റെ സാമ്പിളും പരാതിക്കാരി ശേഖരിച്ചുവെച്ചിട്ടുണ്ട്.
യുവതി വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. വിട്ടുപോകാതിരിക്കാന്‍ ഒരു കുഞ്ഞ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുല്‍ പറഞ്ഞു. നേരില്‍ കാണാന്‍ രാഹുല്‍ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റില്‍ കാണാമെന്ന് യുവതി പറഞ്ഞപ്പോള്‍ പൊതുപ്രവര്‍ത്തകനായതിനാല്‍ പൊതുവിടത്തില്‍ കാണാനാകില്ലെന്നും രാഹുല്‍ പറഞ്ഞു
ഒരു ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച രാഹുല്‍ യുവതിയോട് അവിടെ മുറിയെടുക്കാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ എത്തിയ ഉടന്‍ ഒരു വാക്ക് പോലും പറയുന്നതിന് മുമ്പേ തന്നെ കടന്നാക്രമിച്ചുവെന്ന് യുവതി പറയുന്നു. ക്രൂരമായ ലൈംഗിക ആക്രമണമാണ് നേരിട്ടത്. മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു. ഓവുലേഷന്‍ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിന് ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകുമെന്ന് അധിഷേപിച്ചു. ഇതില്‍ മനംനൊന്താണ് ഡിഎന്‍എ പരിശോധനക്കായി പോയി, രാഹുലിനോട് സാമ്പിള്‍ നല്‍കാന്‍ ലാബില്‍ നിന്ന് ആവശ്യപ്പെട്ടു. പക്ഷെ, ഡിഎന്‍എ പരിശോധനയോട് രാഹുല്‍ സഹകരിച്ചില്ല. ഇതിനുള്ള തെളിവുകള്‍ ഉണ്ടെന്നും പരാതിക്കാരി പറയുന്നു. രാഹുലിന്റെ ഭാഗത്ത് നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള കടുത്ത സമ്മര്‍ദ്ദം ഉണ്ടായി. അപമാനവും ഭീഷണികളും തന്നെ കടുത്ത ശാരീരിക, മാനസിക സമ്മര്‍ദത്തിലാക്കി. തുടര്‍ന്ന് ഗര്‍ഭം അലസിപ്പോകുകയും ചെയ്തു. അബോര്‍ഷന്‍ വിവരം പറയാന്‍ വിളിച്ചപ്പോള്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു. ഇമെയിലിനും മറുപടി ലഭിച്ചില്ല.
പിന്നീട് രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചു. കടുത്ത ശാരീരിക മനസിക പ്രശ്‌നങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ രാഹുല്‍ തന്നോട് വീണ്ടും ബന്ധപ്പെട്ടു. തകര്‍ന്നിരുന്ന തന്നോട് വീണ്ടും അടുക്കാന്‍ ശ്രമിച്ചു. ഭാവിയില്‍ ഒരുമിച്ച് ജീവിക്കാം എന്നും വാഗ്ദാനം നല്‍കി. പാലക്കാട് ഒരു ഫ്‌ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു. ഇതിന്റെ ഭാഗമായി താനും രാഹുലും ബില്‍ടെക് ഗ്രൂപ്പിനെ സമീപിച്ചു. എന്നാല്‍ ഫ്‌ലാറ്റ് വാങ്ങല്‍ നടന്നില്ല. പിന്നീട് പലപ്പോഴായി രാഹുല്‍ തന്നോട് സാമ്പത്തിക സഹായം കൈപ്പറ്റി. രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതില്‍ വസ്തുതയുണ്ടെന്ന് മനസ്സിലാക്കി. പരാതിയുമായി താനും മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഹുല്‍ ഭീഷണിപ്പെടുത്തി. കുടുംബത്തെ ഇല്ലാതാക്കുമെന്നും സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും രാഹുല്‍ ഭീഷണി മുഴക്കിയെന്നും പരാതിയില്‍ ആരോപണമുണ്ട്.
കൃത്യമായ പ്ലാനോടെയാണ് ബലാത്സംഗ പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമടക്കം എട്ടംഗ സംഘം രാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയാണ് രാഹുല്‍ പാലക്കാടെത്തിയത്. ഫ്‌ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിലായിരുന്നു രാഹുലിന്റെ താമസം. ഇന്നലെ രാഹുല്‍ എത്തിയതുമുതല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ 2 ജീപ്പുകളിലായി എത്തിയ പൊലീസ് സംഘം ഹോട്ടലില്‍ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത്.
ഹോട്ടലില്‍ എത്തിയ പൊലീസ് റിസപ്ഷനിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത ശേഷമാണ് എംഎല്‍എ താമസിക്കുന്ന റൂമിലെത്തിയത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ രാഹുല്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നെ വഴങ്ങി. വക്കീലിനെ കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് സമ്മതിച്ചില്ല. സ്റ്റാഫ് അംഗങ്ങള്‍ മുറിയില്‍ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലില്‍ കയറി രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് സംഘം എംഎല്‍എയെ എവിടേക്കാണ് കൊണ്ടുപോയതെന്നത് വ്യക്തമല്ല. കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎല്‍എയുടെ പിഎ പറഞ്ഞു. എന്നാല്‍ എംഎല്‍എയെ ആലത്തൂര്‍ സറ്റേഷനില്‍ എത്തിച്ചിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം രാഹുലിനെ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട പൊലീസാണെന്നും പാലക്കാട്ടുനിന്ന് രാഹുലിനെ കൊണ്ടുപോയെന്നുമാണ് സൂചന. രാഹുലിനെതിരെ നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
