ദോഹ: ഖത്തറിലുള്ളവര്‍ക്ക് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ട്രോഫി കാണാന്‍ അവസരമൊരുക്കുന്നു. ടൂര്‍ണമെന്റിന് മുന്നോടിയായി ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി നയിക്കുന്ന ട്രോഫി ടൂറിന്റെ ഭാഗമായി, ഒക്ടോബര്‍ 18 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ ഖത്തറിലെ ജെവാന്‍ ഐലന്‍ഡില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 ട്രോഫി സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും.അടുത്തുനിന്ന് ട്രോഫ് കാണാനും ട്രോഫിയോടൊപ്പം ഫോട്ടോയെടുക്കാനും ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരം ലഭിക്കും. വരും ആഴ്ചകളില്‍ ഖത്തറിലുടനീളമുള്ള മറ്റ് പൊതു ഇടങ്ങളിലേക്കും ട്രോഫി എത്തിക്കും.
നവംബര്‍ 3 മുതല്‍ 27 വരെ ഖത്തറിലെ ആസ്പയര്‍ സോണിലെ അത്യാധുനിക മത്സര സമുച്ചയത്തിലാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റില്‍ ഒരു ദിവസം എട്ട് മത്സരങ്ങള്‍ വരെ നടക്കും, ആകെ 104 മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. ആരാധകര്‍ക്ക് www.roadtoqatar.qa എന്ന വെബ്സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം. 20 റിയാലിന് ഡേ പാസായി ടിക്കറ്റുകള്‍ ലഭ്യമാകും. ഇത് ഒരു ദിവസം ഒന്നിലധികം മത്സരങ്ങള്‍ കാണാനും മത്സരങ്ങളുമായി ബന്ധപ്പെട്ട സാംസ്‌കാരിക, വിനോദ പരിപാടികള്‍ കാണാനും അവസരമൊരുക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
