ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ കരൂര്‍ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരണം സംഭവിച്ചവരുടെ എണ്ണം 40 ആയി. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും ആരംഭിച്ചു. പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയാണ് കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് വന്‍ദുരന്തമുണ്ടായത്.
സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. നാളെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹര്‍ജി പരിഗണിക്കും. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയില്‍ ആരോപിച്ചു. ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം.
അതിനിടെ കരൂര്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. ടിവികെ അധ്യക്ഷന്‍ വിജയ്‌യും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്നും വിജയ് കുറിച്ചു.
അതേസമയം, ദുരന്തത്തിന് പിന്നാലെ വീട്ടിലേക്ക് മടങ്ങിയ വിജയ്‌ക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവന്‍ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്.എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വിജയ്‌യെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവില്‍ 111ഓളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
