ദോഹ: സ്‌കൂള്‍ യൂണിഫോമുകള്‍ വാങ്ങുന്നത് സംബന്ധിച്ച് രാജ്യത്തെ പ്രൈവറ്റ് സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. സ്‌കൂള്‍ യൂണിഫോമുകള്‍ സ്‌കൂളില്‍ നിന്നോ മറ്റ് വിതരണക്കാരില്‍ നിന്നോ വാങ്ങാന്‍ മാതാപിതാക്കളെ അനുവദിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സ്വകാര്യ സ്‌കൂളുകളോടും കിന്റര്‍ഗാര്‍ട്ടനുകളോടും ആവശ്യപ്പെട്ടു. സ്‌കൂളില്‍ നിന്ന് തന്നെ യൂണിഫോം വാങ്ങണമെന്ന് നിര്‍ദേശിക്കരുത്. 2025-2026 മുതല്‍ സ്‌കൂള്‍ യൂണിഫോം വാങ്ങാന്‍ മാതാപിതാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ യൂണിഫോമുകളുടെ കുത്തകയും വില്‍പ്പനയും നിരോധിക്കുന്നതിനുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ മത്സര സംരക്ഷണ, കുത്തക വിരുദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പുതിയ സര്‍ക്കുലര്‍. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളുടേയും കിന്റര്‍ഗാര്‍ട്ടനുകളുടേയും സ്‌കൂള്‍ യൂണിഫോമുകളുടെ വാങ്ങലും വില്‍പ്പനയും നിയന്ത്രിക്കുന്നത് തടയുകയാണ് ലക്ഷ്യം. സ്‌കൂള്‍ യൂണിഫോമുകള്‍ ഒരു പ്രത്യേക ഡിസൈനിലും നിറത്തിലും മാത്രമായി പരിമിതപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
