കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ പത്ത് പ്രവാസികള്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. അഹമ്മദി ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളിലായി വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ എല്ലാ കേസുകളിലും മരണകാരണം മദ്യത്തില്‍ നിന്നുള്ള വിഷബാധയായിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.
മരണപ്പെട്ടവരെല്ലാം പ്രദേശത്ത് ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളാണ്. മരണങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രാദേശികമായി നിര്‍മ്മിച്ച മദ്യം കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിലായാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണം സംഭവിച്ചത്. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് കുവൈത്ത്. കഴിഞ്ഞ ദിവസം കുവൈത്തിലെ നിരവധി പ്രദേശങ്ങളില്‍ നിന്നായി പ്രാദേശികമായി വ്യാജമദ്യം നിര്‍മ്മിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി മദ്യം നിര്‍മ്മിക്കുന്നതിനെതിരെ കര്‍ശന നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
