ദോഹ: ഖത്തറില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നഷ്ടപരിഹാരത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മെട്രാഷിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണുണ്ടായ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് വീടുകള്‍, കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വ്യാവസായിക സൗകര്യങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ച പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കും.
നാശനഷ്ടങ്ങള്‍ മുമ്പ് ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളില്‍ സമര്‍പ്പിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വഴി രേഖപ്പെടുത്തിയിരിക്കണം.അംഗീകൃത നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായാണ് നഷ്ടപരിഹാരം നല്‍കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ദുരിതബാധിത വ്യക്തികളെ ബന്ധപ്പെടും.
അതേസമയം ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വ്യക്തികള്‍ക്ക് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാം. പ്രഖ്യാപനം വന്ന തീയതി (ജൂലൈ 13) മുതല്‍ രണ്ട് ദിവസത്തിനുള്ളില്‍ മെട്രാഷ് ആപ്ലിക്കേഷന്‍ വഴി നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം:
മെട്രാഷ് ആപ്പില്‍ ‘കമ്മ്യൂണിക്കേറ്റ് വിത്ത് അസ്’ വിന്‍ഡോയില്‍ ക്ലിക്ക് ചെയ്ത് ‘റിക്വസ്റ്റ്’ ക്ലിക്ക് ചെയ്ത്, അപേക്ഷിക്കാം. തുടര്‍ന്ന് ലഭിക്കുന്ന ടാബില്‍ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കണം. ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച്, വിവരങ്ങളും വിലാസവും നല്‍കി, ചിത്രങ്ങളോ അനുബന്ധ രേഖകളോ (ലഭ്യമെങ്കില്‍) അപ്ലോഡ് ചെയ്യണം. ശേഷം അപേക്ഷ സമര്‍പ്പിച്ചതായി സ്ഥിരീകരിക്കുകയും വേണം. അതേസമയം സമയപരിധി അവസാനിച്ചതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
