ദോഹ: ഖത്തറില്‍ നാലായിരം നികുതിദായകര്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ജനറല്‍ ടാക്‌സ് അതോറിറ്റി. 900 മില്യണ്‍ റിയാല്‍ ഇളവുകള്‍ അനുവദിച്ചു. 100% ഫിനാന്‍ഷ്യല്‍ പെനാല്‍റ്റി എക്‌സംപ്ഷന്‍ സംരംഭത്തിന്റെ ഭാഗമായാണിത്.
കമ്പനികളുടെ മേലുള്ള സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിനായി നികുതി സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതാണ് നടപടി. നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം 4,000 നികുതിദായകര്‍ക്ക് 900 ദശലക്ഷത്തിലധികം റിയാലിന്റെ മൊത്തം ഇളവുകള്‍ അനുവദിച്ചതായി ജനറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.
നികുതിദായകര്‍ ധരീബ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി എല്ലാ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്ത് ആവശ്യമായ എല്ലാ നികുതി റിട്ടേണുകളും സാമ്പത്തിക പ്രസ്താവനകളും സമര്‍പ്പിക്കണമെന്നും അതോറിറ്റി അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് നികുതി ഫയല്‍ ചെയ്ത് കൃത്യസമയത്ത് അടയ്ക്കണമെന്നും നിര്‍ദേശിച്ചു.
നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകളും അതോറിറ്റി പരിശോധിച്ച്, ധരീബ പോര്‍ട്ടലിലെ അവരുടെ അക്കൗണ്ടുകള്‍ വഴി അപേക്ഷകരെ അറിയിക്കുകയും ചെയ്യും. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.
അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റും ധരീബ പോര്‍ട്ടലും സന്ദര്‍ശിച്ചോ, ഏകീകൃത കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ യോഗ്യതാ മാനദണ്ഡങ്ങള്‍, നിബന്ധനകള്‍, നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
