ഡല്‍ഹി: ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കമ്പനികള്‍ ഇനിമുതല്‍ രണ്ട് ഹെല്‍മറ്റും നല്‍കണമെന്ന് നിര്‍ദേശം. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയത്. ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിര്‍ദ്ദേശിക്കുന്ന സ്പെസിഫിക്കേഷനുകള്‍ക്കനുസൃതമായി രണ്ട് ഹെല്‍മറ്റുകള്‍ വാഹനത്തിന് ഒപ്പം കമ്പനി നല്‍കണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ വിജ്ഞാപനം. 2026 ജനുവരി 1 മുതല്‍ നിര്‍മിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം വേണമെന്നും കേന്ദ്രം വ്യക്തമാക്കി. 2026 ജനുവരി 1-നും അതിനുശേഷവും നിര്‍മ്മിച്ച എല്‍2 വിഭാഗത്തിലുള്ള എല്ലാ മോഡല്‍ വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കണം എന്നാണ് ഉത്തരവ്.
നിലവില്‍ 125 സിസി കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിലവിലുള്ളത്. എന്നാല്‍ 2026 മുതല്‍ എല്ലാ എഞ്ചിന്‍ വണ്ടികള്‍ക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പുതിയ ഉത്തരവ് പ്രകാരം നിര്‍ബന്ധമായിരിക്കും. പെട്ടന്ന് ബ്രേക്ക് ഇടേണ്ടി വരുമ്പോള്‍ ഇരുചക്രവാഹനങ്ങളുടെ വീലുകള്‍ ലോക്ക് ആവാതിരിക്കാനും റോഡില്‍ നിന്ന് തെന്നിമാറി അപകടം സംഭവിക്കാനുള്ള സാധ്യതകള്‍ കുറയ്ക്കാനുമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം കര്‍ശനമാക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
