കുവൈറ്റ് സിറ്റി: കുവൈത്തില്‍ ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇ-വിസ ആക്‌സസ് അനുവദിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്ന യോഗ്യതയുള്ള പ്രവാസികള്‍ക്കാണ് സേവനം ലഭിക്കുക. സുരക്ഷയും നിയന്ത്രണ സുരക്ഷാ മുന്‍കരുതലുകളും നിലനിര്‍ത്തിക്കൊണ്ട് കുടിയേറ്റ പ്രക്രിയകള്‍ ആധുനികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് കുവൈത്തില്‍ ഇ-വിസയ്ക്ക് അപേക്ഷിക്കാം. ആറ് മാസത്തില്‍ കൂടുതല്‍ സാധുവായ ജിസിസി റെസിഡന്‍സി കൈവശം ഉണ്ടായിരിക്കണം. പ്രവേശന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോര്‍ട്ട് കൈവശം വയ്ക്കുക, നിയമലംഘനങ്ങള്‍ ഒന്നും ഉണ്ടായിരിക്കരുത് എന്നിവയാണ് മാനദണ്ഡങ്ങള്‍.
ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, ബിസിനസ് മാനേജര്‍മാര്‍ എന്നിവര്‍ക്കാണ് ഇ-വിസ അനുവദിക്കുക.
അതേസമയം ഇപ്പോഴും നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കുവൈത്തില്‍ ഇ-വിസ അനുവദിക്കില്ല. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍, ഇറാഖ്, പാകിസ്ഥാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസയ്ക്ക് അര്‍ഹതയില്ല. വിസയ്ക്കായി ഈ രാജ്യത്ത് ഉള്ളവര്‍ അവരുടെ രാജ്യത്തെ കുവൈത്ത് എംബസിയിലോ കോണ്‍സുലേറ്റിലോ നേരിട്ട് അപേക്ഷിക്കണം.
അതേസമയം യുഎസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, മറ്റ് നിരവധി യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 53 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിസിറ്റ് വിസ ഓണ്‍ അറൈവല്‍ ലഭിക്കും.
വിസ ഓണ്‍ അറൈവലിനുള്ള ആവശ്യകതകള്‍:
സാധുവായ പാസ്പോര്‍ട്ട് (കുറഞ്ഞത് ആറ് മാസം), റിട്ടേണ്‍ ടിക്കറ്റ്, വിസ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത താമസ വിലാസം എന്നിവ ആവശ്യമാണ്. ജിസിസി പ്രവാസികള്‍ക്കുള്ള ഇ-വിസ അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ്. സാധാരണയായി 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രോസസ്സ് ചെയ്യും. അപേക്ഷകര്‍ പാസ്പോര്‍ട്ട് ബയോഡാറ്റ പേജ് (ഡിജിറ്റല്‍ പകര്‍പ്പ്), സാധുവായ ജിസിസി റെസിഡന്‍സി പ്രൂഫ്, റിട്ടേണ്‍ ടിക്കറ്റ്, സമീപകാലത്ത് എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, താമസ വിവരങ്ങള്‍, തൊഴില്‍ മേഖല തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യണം.
അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഇ-വിസ ഇമെയില്‍ വഴി ലഭിക്കും. ഇഷ്യു ചെയ്ത് 90 ദിവസത്തേക്കാണ് ഇ-വിസ ലഭിക്കുന്നത്. 90 ദിവസം വരെ രാജ്യത്ത് താമാസിക്കാം. കുവൈത്തില്‍ താമസിക്കുന്ന മുഴുവന്‍ സമയവും അവരുടെ രേഖകള്‍ സാധുവാണെന്ന് ഉറപ്പാക്കാനും കുവൈത്ത് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും വ്യവസ്ഥയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
