മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ബാങ്ക് വീട് ജപ്തി ചെയ്തതിന്റെ പിറ്റേ ദിവസം വയോധിക മരിച്ചു. പുതിയിരുത്തി സ്വദേശി മാമി (85)യാണ് മരിച്ചത്. പാലപെട്ടി എസ്ബിഐ ബാങ്ക് വീട് ജപ്തി ചെയ്തതോടെ വയോധികയെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന് രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
എസ്ബിഐയില്‍ നിന്ന് മാമിയുടെ മകനാണ് വായ്പ എടുത്തത്. ലോണെടുത്ത മകന്‍ അലിമോനെ നാല് വര്‍ഷമായി വിദേശത്ത് കാണാതായി. ഇതുവരെ കണ്ടെത്താനായിട്ടില്ല. 25 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. ഇപ്പോള്‍ ബാധ്യത സഹിതം 42 ലക്ഷം രൂപയായി. പണം തിരികെ അടക്കാനാവാതെ വന്നതോടെ ബാങ്ക് വീട് ജപ്തി ചെയ്തു. കിടപ്പ് രോഗിയായ വയോധികയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ബാങ്ക് വീട് ജപ്തി ചെയ്തത്.
അതേസമയം ഭൂമി വിറ്റ് പണം നല്‍കാമെന്ന് പറഞ്ഞിട്ടും ബാങ്ക് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 35 ലക്ഷം രൂപ അടച്ച് ഒറ്റത്തവണ തീര്‍പ്പാക്കലിന് ശ്രമിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം പറയുന്നു. ബാങ്ക് ജീവനക്കാര്‍ ഇന്നലെ വീട് ജപ്തി ചെയ്യാന്‍ എത്തിയപ്പോഴും 15 ദിവസത്തെ സാവകാശം ചോദിച്ചു. ഈട് വെച്ച ഭൂമിയില്‍ പിന്നീട് പണിത മകന്റെ വീടിനുനേരെയും ജപ്തി ഭീഷണിയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
