റിയാദ്: വഴി തെറ്റി അവശനായി വെള്ളം അന്വേഷിച്ച് സൈനിക ക്യാമ്പിന്റെ മതില്‍ ചാടിക്കടന്ന മലയാളി യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴക്ക്. റിയാദ് ഇസ്‌കാനിലെ ജയിലിന്റെ മതിലാണ് കണ്ണൂര്‍ സ്വദേശിയായ യുവാവ് ചാടിക്കടന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് തൊഴില്‍ വിസയില്‍ ജിദ്ദയിലെത്തിയ യുവാവിനെ ജോലിയില്‍ തുടരാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ തൊഴിലുടമ വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിക്കുകയായിരുന്നു. റിയാദ് എയര്‍പോര്‍ട്ട് വഴിയുള്ള വിമാനത്തിലാണ് ടിക്കറ്റ് കിട്ടിയത്. ജിദ്ദയില്‍നിന്നും ആഭ്യന്തര വിമാനത്തില്‍ റിയാദിലെത്തി. എന്നാല്‍, പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നുമില്ലാതായി. രണ്ടുദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാഞ്ഞതിനാല്‍ ജിദ്ദ നവോദയ വഴി നാട്ടിലെ ബന്ധുക്കള്‍ റിയാദിലെ കേളി പ്രവര്‍ത്തകരെ ബന്ധപ്പെട്ടു.
കേളി ജീവകാരുണ്യ വിഭാഗം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ യുവാവിനെ അവശനായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജരീര്‍ യൂനിറ്റംഗം ശ്രീലാലിന്റെ നേതൃത്വത്തില്‍ രണ്ട് വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയതിന് ശേഷമാണ് ആളെ കണ്ടെത്തിയത്. ആകെ ഭയചകിതനായി കാണപ്പെട്ട യുവാവ് ആരോടും സംസാരിക്കാന്‍ തയാറായിരുന്നില്ല. രണ്ടുദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തീര്‍ത്തും അവശനുമായിരുന്നു. ജീവകാരുണ്യ കമ്മിറ്റി ജോയന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി അല്‍ഖര്‍ജില്‍നിന്നും റിയാദ് വിമാനത്താവളത്തിലെത്തി ഇയാളെ ഏറ്റെടുക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഡോക്ടറുടെ കൗണ്‍സിലിങ്ങിനും ആറ് മണിക്കൂറോളം നീണ്ട നിരീക്ഷണത്തിനും ശേഷം ആശുപത്രി വിട്ടു.
യാത്രാ ടിക്കറ്റ് ശരിയാകുന്നത് വരെ അല്‍ഖര്‍ജില്‍ താമസ സൗകര്യവും ഒരുക്കുകയും ചെയ്തു. അടുത്ത ദിവസം ടിക്കറ്റ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് നാസര്‍ റിയാദിലേക്ക് തിരിച്ചു. ഈ സമയത്ത് ഇയാള്‍ റൂമില്‍നിന്നും പുറത്തുപോയി. പിന്നീട് തിരിച്ചുവന്നില്ല. നാസര്‍ പൊന്നാനി അല്‍ഖര്‍ജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് മിലിറ്ററി ക്യാമ്പില്‍ ഒരു ഇന്ത്യക്കാരനെ പിടികൂടിയതായി അറിയിപ്പ് ലഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം റിയാദ് ജയിലിലേക്ക് അയച്ചതായും വിവരം കിട്ടി. ന്യൂ സനായ്യയിലെ ഇസ്‌കാന്‍ ജയിലിലാണ് ഇയാളെ അടച്ചത്. ഈ കുറ്റകൃത്യത്തിന് 12 ദിവസത്തോളം അവിടെ കിടക്കേണ്ടിയും വന്നു. ഒടുവില്‍ നാസര്‍ പൊന്നാനിയുടെ ജാമ്യത്തിലാണ് ഇയാളെ പുറത്തുവിട്ടത്.
അല്‍ഖര്‍ജിലെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ യുവാവ് വഴിതെറ്റി വിജനമായ പ്രദേശത്തിലൂടെ ഏറെ ദൂരം നടന്ന് ക്ഷീണിച്ചതിനാല്‍ വെള്ളം കിട്ടുമോ എന്നറിയുന്നതിനാണ് മതില്‍ ചാടിക്കടന്നതെന്നാണ് പറയുന്നത്. മിലിട്ടറി ക്യാമ്പാണെന്ന് അറിയില്ലായിരുന്നു. ചാടി വീണത് മിലിറ്ററി ഉദ്യോഗസ്ഥന്മാരുടെ അടുത്തായതിനാല്‍ മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയതെന്നാണ് അല്‍ഖര്‍ജ് പോലീസ് മേധാവി പറഞ്ഞത്. അകലെയായിരുന്നെങ്കില്‍ അക്രമിയാണെന്ന് കരുതി ഉടന്‍ ഷൂട്ട് ചെയ്യുമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തൊട്ടടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരുന്ന ഇയാള്‍ക്ക് പിന്നീട് പോലീസ് കേസ് അവസാനിക്കുന്ന രണ്ടുമാസം വരെ കാത്തുനില്‍ക്കേണ്ടിവന്നു. ഫെബ്രുവരി 28ന് വിസ കാലാവധി അവസാനിക്കുന്നതിനാല്‍ നിരന്തരം സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ കയറിയിറങ്ങിയാണ് പെട്ടെന്ന് തന്നെ രേഖകള്‍ ശരിയാക്കി എക്‌സിറ്റ് സാധ്യമാക്കിയത്. ബുധനാഴ്ച രാത്രിയിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി. അവിവാഹിതനായ ഇയാള്‍ക്ക് മാതാപിതാക്കളും ഒരു സഹോദരിയും ഉണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
