മനാമ: ബഹ്‌റൈനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. യുവതിയുടെ മേല്‍ സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ചതിന് മുന്‍ ഭര്‍ത്താവിനും അയാളുടെ അനന്തരവനും പത്ത് വര്‍ഷം ശിക്ഷ വിധിച്ചു. ആസിഡ് ആക്രമണത്തില്‍ യുവതിക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറി.
ഷോപ്പിങ് മാളിലെ കാര്‍ പാര്‍ക്കിങ്ങില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. യുവതി ഒന്‍പതും പതിനൊന്നും വയസ്സുള്ള തന്റെ മക്കളുമായി ഷോപ്പിങ് മാളില്‍ എത്തിയതായിരുന്നു. യുവതിയുടെ മുന്‍ ഭാര്‍ത്താവിന്റെ അനന്തരവന്‍ പാര്‍ക്കിങ് സ്ഥലത്ത് ഒളിച്ചിരിക്കുകയും യുവതി കുട്ടികളുമായി പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഇവരുടെ മുഖത്തേക്ക് എറിയുകയായിരുന്നു.
28കാരനായ അനന്തരവനാണ് ഒന്നാം പ്രതി. അമ്മാവന്റെയും കസിന്‍സിന്റെയും പ്രേരണ മൂലം കൃത്യം നടത്താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നും ഇതിനായി അവര്‍ തനിക്ക് ഗുളികകള്‍ നല്‍കിയിരുന്നെന്നും ഇയാള്‍ പറഞ്ഞു. രണ്ടാം പ്രതി കൃത്യം നടത്താനായി യുവാവിനെ പ്രേരിപ്പിക്കുകയായിരുന്നെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. സംഭവം നടന്ന സമയം ഷോപ്പിങ് മാളില്‍ മുഖം മൂടിയണിഞ്ഞ ഒരാളെ കണ്ടിരുന്നതായും മുന്‍ ഭര്‍ത്താവാണെന്ന് സംശയം തോന്നിയപ്പോള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തനിക്കു നേരെ ആസിഡ് ഒഴിച്ച് ഇവര്‍ രക്ഷപ്പെട്ടതെന്നും യുവതി മൊഴി നല്‍കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
