കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടാണ് പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്. മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രവാസികളിൽ സ്വദേശി വനിതകളുടെ മക്കളായിട്ടുള്ളവരെ ചട്ടം ബാധിക്കില്ല. പുതിയ തീരുമാനം കുവൈത്തിൽ തൊഴിൽ തേടുന്ന നല്ലൊരു ശതമാനം മലയാളികളെയും ബാധിക്കുമെന്നതിൽ സംശയമില്ല.
രാജ്യത്തിന്റെ പൊതു മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ തീരുമാനം. ഇതിനായി ഭൂരിഭാഗം സർക്കാർ ജോലികളിൽ നിന്നും പ്രവാസികളെ ഒഴിവാക്കാനായി അടുത്തിടെ വലിയ ക്യാമ്പയ്നും തുടങ്ങിയിരുന്നു. അതേസമയം പ്രവാസികൾക്ക് പകരമായി ഉയർന്ന വൈദഗ്ധ്യമുള്ള സ്വദേശികളെ കണ്ടെത്തുന്നതിൽ സർക്കാർ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
നിലവിലെ കണക്ക് പ്രകാരം കുവൈത്തിലെ സർക്കാർ മേഖലയിൽ നിലവിൽ 1,20,000 പ്രവാസികളാണ് ജോലി ചെയ്യുന്നത്. മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളുൾപ്പെടെ പൊതു മേഖലയിൽ മൊത്തത്തിൽ 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്, ഇവരിൽ 55 ശതമാനം പേരും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഈ വർഷം മാർച്ച് 31 കഴിഞ്ഞാൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാർ പുതുക്കില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
