ഡല്‍ഹി: നെസ്ലെ, പെപ്സികോ, യൂണിലിവര്‍ തുടങ്ങിയ കമ്പനികള്‍ സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ദരിദ്ര രാജ്യങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് എത്തിക്കുന്നത് എന്ന് റിപ്പോര്‍ട്ട്. ആക്സസ് ടു ന്യൂട്രീഷന്‍ ഇനിഷ്യേറ്റീവ് (ATNi) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വേര്‍തിരിവ് റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളിയുണ്ടാക്കുന്നതാണ് ഗുണനിലവാരമില്ലാത്ത ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍, ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ ശരാശരി റേറ്റിംഗ് 5 ല്‍ വെറും 1.8 സ്റ്റാര്‍ മാത്രമാണ്. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ശരാശരി 2.3 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. യുണിലിവര്‍, കൊക്കകോള, മൊണ്ടെലെസ്, പെപ്സികോ തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണി ഉണ്ട്. യു.എസ്. കഴിഞ്ഞാല്‍ യുണിലിവറിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. എന്നാല്‍ കമ്പനികള്‍ ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളല്ല ജനങ്ങള്‍ക്ക് വില്‍ക്കുന്നതെന്നും എടിഎന്‍ഐയുടെ റിസര്‍ച്ച് ഡയറക്ടര്‍ മാര്‍ക്ക് വിജ്‌നെ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നെസ്‌ലെയുടെ ധാന്യപ്പൊടിയിലും നവജാതശിശുക്കള്‍ക്കുള്ള പാലിലും പഞ്ചസാരയും തേനും ചേര്‍ക്കുന്നത് അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. എന്നാല്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ് ലംഘനങ്ങള്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാക്കിന്റെ ഓരോ സ്പൂണിലും മൂന്ന് ഗ്രാം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. എത്യോപ്യയിലും തായ്‌ലാന്‍ഡിലും വില്‍ക്കുന്ന സെറിലാക്കില്‍ ഒരു സ്പൂണില്‍ ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. ഇതേ ഉല്‍പ്പന്നം ജര്‍മ്മനിയിലും യുകെയിലും ഒട്ടും പഞ്ചസാര ചേര്‍ക്കാതെയാണ് വില്‍ക്കുന്നത്. സെറിലാക്കിന്റെ പാക്കറ്റിന് പുറത്ത് പഞ്ചസാര ചേര്‍ത്തതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളില്‍ സപ്ലിമെന്ററി ഷുഗര്‍ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ നല്‍കുന്ന ഉല്‍പന്നങ്ങളില്‍ പഞ്ചസാര ചേര്‍ക്കുന്നത് വളരെ അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ആ ഉല്‍പ്പന്നത്തോട് ആസതി വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് പരൈബയിലെ എപ്പിഡെമിയോളജിസ്റ്റും ന്യൂട്രീഷന്‍ വിഭാഗത്തിലെ പ്രൊഫസറുമായ റോഡ്രിഗോ വിയന്ന പറയുന്നു. ചെറിയ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങളില്‍ ഒരിക്കലും പഞ്ചസാര ചേര്‍ക്കരുത്. ഇത് ഒട്ടും ആവശ്യമില്ലാത്ത കാര്യമാണ്. നവജാത ശിശുക്കള്‍ സ്ഥിരമായി മധുരമുള്ള രുചി ശീലിക്കുമ്പോള്‍ കൂടുതല്‍ മധുരമുള്ള ഭക്ഷണത്തോടുള്ള ആസക്തി വര്‍ധിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
