ദോഹ: ഖത്തറിലെ അല്‍ സദ്ദ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്തനാര്‍ബുദത്തെ അതിജീവിക്കുന്നവര്‍ക്കായി പുതിയ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഡയറക്ടര്‍ ഡോ.മുന അല്‍-ഹെയ്ല്‍ പ്രാദേശിക അറബിക് ദിനപത്രമായ അരായയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാന്‍സര്‍ ചികിത്സയ്ക്കും അതിജീവനത്തിനും ശേഷം തുടര്‍ചികിത്സകള്‍ക്ക് ക്ലിനിക്കില്‍ നിന്ന് സേവനം ലഭ്യമാകും.
മൈനര്‍ സര്‍ജിക്കല്‍ പ്രൊസീജര്‍ ക്ലിനിക്കും ഹെല്‍ത്ത് സെന്ററില്‍ ആരംഭിക്കുമെന്നും ഡോ.മുന അല്‍-ഹെയ്ല്‍ പറഞ്ഞു. ഭാവിയില്‍ കപ്പിംഗ് തെറാപ്പി ക്ലിനിക്കും ഓസ്റ്റിയോപൊറോസിസ് രോഗനിര്‍ണയത്തിനായി അസ്ഥി സാന്ദ്രത സ്‌കാന്‍ പോലുള്ള വിപുലീകരിച്ച റേഡിയോളജി സേവനങ്ങളും ഉള്‍പ്പെടെ നിരവധി പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഏറ്റവും പുതിയ ആരോഗ്യകേന്ദ്രമാണ് അല്‍-സദ്ദ് പ്രാഥമികാരോഗ്യ കേന്ദ്രം. എല്ലാ സ്‌പെഷ്യാലിറ്റികളിലുമായി പ്രതിദിനം 400 ഓളം രോഗികള്‍ക്ക് കേന്ദ്രത്തില്‍ സേവനം നല്‍കുന്നു.
ഒഫ്താല്‍മോളജി, ഒപ്റ്റോമെട്രി, ഓഡിയോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ഫിസിക്കല്‍ തെറാപ്പി, പോഷകാഹാരം, മാനസിക പിന്തുണയും മാനസികാരോഗ്യവും, പ്രായമായവര്‍ക്കുള്ള മെമ്മറി ക്ലിനിക്കുകള്‍, ജനറല്‍, സ്‌പെഷ്യലൈസ്ഡ് ഡെന്റല്‍ ക്ലിനിക്കുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
