കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പിന്നാലെ ആരോഗ്യ മന്ത്രാലയവും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. 2024 ജൂലൈ അവസാനത്തോടെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എല്ലാ ജീവനക്കാരും തങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ആരോഗ്യമന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുള്‍ റഹ്‌മാന്‍ അല്‍ മുതൈരി പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് സര്‍ക്കുലറിലാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
2024 ജൂലൈ 31-നകം തങ്ങളുടെ ജീവനക്കാര്‍ ആവശ്യമായ രേഖകളെല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന കാര്യം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍, ജില്ലാ സ്‌കൂളുകള്‍, കേന്ദ്ര ഭരണസംവിധാനങ്ങള്‍ എന്നിവര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. ജീവനക്കാരുടെ ഡാറ്റാബേസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് നിര്‍ദ്ദേശം.
നടപടിക്രമങ്ങള്‍:
1) മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ‘മൈ ഐഡി’ ആപ്ലിക്കേഷനിലൂടെ അവരുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യണം.
2) അവരുടെ ജോലിയുമായി ബന്ധപ്പെട്ട ഡാറ്റ നല്‍കണം.
3) ജീവനക്കാര്‍ അവരുടെ ഫോണ്‍ നമ്പറുകളും വ്യക്തിഗത ഇമെയിലുകളും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
4) ഏതെങ്കിലും പുതിയ അക്കാദമിക് യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവയും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
