റിയാദ്: സൗദി അറേബ്യയിൽ ലൈംഗികാതിക്രമ കേസുകളിൽ അറസ്റ്റിലാകുന്നവരുടെ പേര് വിവരങ്ങൾ ഇനിമുതൽ പ്രസിദ്ധീകരിക്കും. പ്രതികളെ നാണംകെടുത്താനും കുറ്റകൃത്യങ്ങൾ തടയുന്നതും ലക്ഷ്യമിട്ടാണ് നടപടി.
ഇതിന്റെ ഭാഗമായി മക്കയിൽ ഒരു സ്ത്രീയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഈജിപ്ഷ്യൻ പ്രവാസിയുടേയും ജിദ്ദയിൽ മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയുടെയും മുഴുവൻ പേരും അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രതികളെ പബ്ലിക് പ്രോസിക്യൂട്ടറിന് കൈമാറിയതായും പോലീസ് അറിയിച്ചു .
സൗദി നിയമപ്രകാരം, ലൈംഗികാതിക്രമത്തിന് രണ്ട് വർഷം വരെ തടവും പരമാവധി 1,00,000 റിയാൽ പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കും. കുറ്റം ആവർത്തിച്ചാലോ, അല്ലെങ്കിൽ പൊതുസ്ഥലത്ത് വെച്ച് കുറ്റകൃത്യം നടത്തിയാലോ അഞ്ച് വർഷം വരെ തടവും 3,00,000 റിയാൽ പിഴയും ശിക്ഷ ലഭിക്കും.
