ദോഹ: ഖത്തറിൽ കോഴിയിറച്ചി, പച്ചക്കറി എന്നിവയുടെ തീരുവ വർധനവിൽ വ്യക്തത വരുത്തി ഖത്തർ കസ്റ്റംസ്. പ്രത്യേക മുൻഗണനാ കരാറുകൾ പ്രകാരമുള്ള ഇളവുകൾക്ക് അർഹമല്ലാത്ത രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില കോഴിയിറച്ചി, കാർഷിക ഉൽപ്പന്നങ്ങൾക്ക് മാത്രമേ കസ്റ്റംസ് തീരുവ ബാധകമാകൂ എന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് വ്യക്തമാക്കി. മുറിക്കാത്ത കോഴിയിറച്ചിക്ക് (പുതിയതോ ഫ്രോസണോ) കസ്റ്റംസ് തീരുവ 18 ശതമാനമായി ഉയർത്തിക്കൊണ്ടാണ് 2026-ലെ അമീരി ഉത്തരവ് (നമ്പർ 45) പുറപ്പെടുവിച്ചത്.
ഈ ഉത്തരവ് പ്രകാരം, തക്കാളി, വഴുതനങ്ങ, സുക്കിനി (zucchini) തുടങ്ങിയ ചില കാർഷിക ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയും ഉൽപ്പാദനം ഏറ്റവും കൂടുതലായി നടക്കുന്ന നിശ്ചിത കാലയളവുകളിൽ 15 ശതമാനമായി വർദ്ധിക്കും. താരിഫ് വർദ്ധനവ് ബാധകമാകുന്ന ഉൽപ്പന്നങ്ങളും അവയുടെ കാലയളവുകളും അധികൃതർ വിശദീകരിച്ചു.
തക്കാളി: ജനുവരി മുതൽ മെയ് വരെ, വഴുതനങ്ങ: ജനുവരി മുതൽ ഏപ്രിൽ വരെ, സുകിനി (Zucchini): ജനുവരി മുതൽ ഏപ്രിൽ വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയും. അതേസമയം ചില രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച കോഴിയിറച്ചിക്ക് (chilled chicken) ഈ താരിഫിൽ നിന്ന് ഇളവുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ് എന്നീ ജിസിസി (GCC) രാജ്യങ്ങളും ജോർദാൻ, മൊറോക്കോ, ഫലസ്തീൻ, ടുണീഷ്യ, ഇറാഖ്, സുഡാൻ, യെമൻ, ഈജിപ്ത്, സിറിയ, അൾജീരിയ, ലിബിയ, ലെബനൻ, തുർക്കി എന്നീ രാജ്യങ്ങളിൽ ഇളവുണ്ട്. ജിസിസി രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളി, വഴുതനങ്ങ, സുകിനി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്കും ഇളവ് ബാധകമാണ്.
ജോർദാൻ, മൊറോക്കോ, പലസ്തീൻ, ടുണീഷ്യ, ഇറാഖ്, സുഡാൻ, യെമൻ, ഈജിപ്ത്, സിറിയ, അൾജീരിയ, ലിബിയ, ലെബനൻ, തുർക്കി, നോർവേ, സിംഗപ്പൂർ, ലിക്റ്റൻസ്റ്റീൻ, സ്വിറ്റ്‌സർലൻഡ്, ഐസ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ഈ ഇളവ് ലഭിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
