ദോഹ: ഫ്രഷ് മത്സ്യം തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതത് മുതൽ മീനുകൾ വീട്ടിൽ സൂക്ഷിക്കുന്നത് വരെയുള്ള ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം. മത്സ്യത്തിന്റെ ഫ്രഷ്‌നെസ്സ് പരിശോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, വിൽപ്പനക്കാർക്കും വിതരണക്കാർക്കുമുള്ള നിർദേശങ്ങൾ, മത്സ്യം കേടാകാതിരിക്കാൻ സ്വീകരിക്കാവുന്ന മുൻകരുതലുകൾ എന്നിവയെല്ലാം മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
നല്ല ഗുണമേന്മയുള്ള മത്സ്യത്തെ തിരിച്ചറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. തിളക്കമുള്ള കണ്ണുകൾ, കടും ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള ചെകിളകൾ, അമർത്തിയാൽ പെട്ടെന്ന് പൂർവസ്ഥിതി പ്രാപിക്കുന്ന ഉറപ്പുള്ള മാംസം, നേരിയ സ്വാഭാവിക ഗന്ധം എന്നിവ മത്സ്യങ്ങളിൽ കൃത്യമായി പരിശോധിച്ചു വേണം വാങ്ങാൻ. അതേസമയം, മങ്ങിയതോ കലങ്ങിയതോ ആയ കണ്ണുകൾ, വിളറിയതോ മഞ്ഞനിറം കലർന്നതോ ആയ ചെകിളകൾ, അമർത്തിയാൽ വിരലടയാളം പതിഞ്ഞുനിൽക്കുന്ന മൃദുവായ മാംസം, രൂക്ഷമായ ദുർഗന്ധം എന്നിവ ഗുണമേന്മ കുറഞ്ഞ മത്സ്യത്തിന്റെ ലക്ഷണങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മത്സ്യ ഉൽപ്പന്നങ്ങൾ റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കുക, എപ്പോഴും ആവശ്യത്തിന് ഐസ് കരുതുക, കഴിയുന്നത്ര വേഗത്തിൽ മത്സ്യം വിതരണം ചെയ്യുക, ശീതീകരണ സംവിധാനമുള്ള വാഹനങ്ങൾ ഉപയോഗിക്കുക, വായു കടക്കാത്തതും താപനില നിലനിർത്തുന്നതുമായ (insulated) പാത്രങ്ങളിൽ മത്സ്യം സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും പാലിക്കണമെന്ന് മത്സ്യ വിൽപ്പനക്കാർക്ക് നിർദേശം നൽകി. വിൽപ്പനയ്ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കാൻ മത്സ്യത്തെ തരംതിരിക്കുക, പ്രദർശിപ്പിക്കുന്നതിന് മുൻപ് നന്നായി വൃത്തിയാക്കുക, പ്രദർശന മേശകളിൽ പുതിയ ഐസ് ഇടയ്ക്കിടെ ഉപയോഗിക്കുക, ദുർഗന്ധം വരുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക, കേടായ മത്സ്യം ഉടൻ തന്നെ നീക്കം ചെയ്യുകയും വേണം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
