ഗള്‍ഫ് രാജ്യങ്ങളില്‍ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക സൗജന്യമായി നിയമ സഹായം ലഭിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ ചെറിയ കേസുകളില്‍ അകപ്പെട്ട് കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് കേരളീയ പ്രവാസി കാര്യ വകുപ്പായ നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ നിയമ സഹായം തേടാവുന്നതാണ്.
യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നീ 5 ഗള്‍ഫ് രാജ്യങ്ങളിലും നോര്‍ക്കയുടെ പ്രവാസി നിയമസഹായ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കാന്‍ നോര്‍ക്ക പത്ത് ലീഗല്‍ കണ്‍സല്‍റ്റന്റുമാരെ നിയമിച്ചിട്ടുണ്ട്.
ഗുരുതരമല്ലാത്ത ചെറിയ കേസുകളില്‍പ്പെട്ട് നിയമസഹായം ലഭിക്കാതെ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ജയിലുകളില്‍ കഴിയുന്ന പ്രവാസി കേരളീയര്‍ക്ക് നോര്‍ക്കാ ലീഗല്‍ സെല്ലിന്റെ സഹായം ലഭിക്കും. നിയമോപദേശം, കോടതികളില്‍ നഷ്ടപരിഹാരം അല്ലെങ്കില്‍ ദയാ ഹര്‍ജി നല്‍കാനുള്ള സഹായം, നിയമ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, കേസുകളുടെ ആവശ്യങ്ങള്‍ക്കായി വിവിധ ഭാഷകളില്‍ തര്‍ജ്ജിമ ചെയ്യാനായി വിദഗ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവ നോര്‍ക്കാ ലീഗല്‍ സെല്ലിലൂടെ പ്രവാസി മലയാളികള്‍ക്ക് ലഭിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍, വിസിറ്റ് വീസയില്‍ പോയി നിസ്സാരമായ കേസുകളില്‍ അകപ്പെട്ടവര്‍ക്ക് സഹായം തേടാം. അതേസമയം ഗുരുതരമായ കുറ്റത്തിന് ഗള്‍ഫ് രാജ്യങ്ങളിലെ കോടതികള്‍ വിധിക്കുന്ന ദിയാധനം, ആസ്തികള്‍ കണ്ടുകെട്ടല്‍ എന്നീ കേസുകള്‍ക്കും സാമ്പത്തിക ബാധ്യതകള്‍, റിക്കവറി എന്നിവയ്ക്കും സെല്ലിന്റെ സഹായം ലഭിക്കില്ല.
ലീഗല്‍ സെല്ലിന്റെ സഹായം ലഭിക്കുന്നതിന് ചില നിബന്ധനകള്‍ ബാധകമാണ്. സ്വന്തം കുറ്റംകൊണ്ടല്ലാതെ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും െചയ്യുന്ന പ്രവാസി മലയാളികള്‍ക്ക് മാത്രമേ സെല്ലിന്റെ സഹായം ലഭിക്കൂ. കുറഞ്ഞത് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തവര്‍ ആയിരിക്കണം. കേസുമായി ബന്ധപ്പെട്ടുള്ള അറബിക് ഭാഷയിലെ എല്ലാ രേഖകളുടെയും തര്‍ജ്ജിമ അപേക്ഷകര്‍ സെല്ലിന് സമര്‍പ്പിക്കണം.
പ്രവാസി നിയമ സഹായ സെല്ലിന്റെ സഹായം ആവശ്യമായവര്‍ പൂരിപ്പിച്ച അപേക്ഷയും കേസുമായി ബന്ധപ്പെട്ട രേഖകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, നോര്‍ക്ക റൂട്ട്‌സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം, 695014 എന്ന വിലാസത്തില്‍ തപാലിലോ അല്ലെങ്കില്‍ ceonorkaroots@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2770554 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
